Saturday, February 28, 2009

ചില പ്രണയ നാടകങ്ങള്‍

എനിക്ക് മനസിലാവുന്നില്ല ഈ പെണ്‍കുട്ടികള്‍ക്കൊക്കെ എന്തുപറ്റി? ആണുങ്ങളെ പ്രേമിച്ചു വഞ്ചിക്കുക എന്ന ഉദ്ദേശത്തോടു കൂടി മാത്രം ജനിച്ചിരിക്കുകയായാണോ? ക്ഷമിക്കണം കേട്ടോ, എനിക്കറിയാം പ്രണയത്തില്‍ നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തുന്നവരുമുണ്ടെന്നു. തല്ക്കാലം അവരുടെ കാര്യം അവിടെ നില്‍ക്കട്ടെ. എന്റെ കൂട്ടുകാരുടെ കാര്യം വരുമ്പോള്‍ ഞാന്‍ അല്പം സ്വാര്‍ഥന്‍ ആകുന്നതില്‍ തെറ്റില്ലല്ലോ? ഇനി ഇങ്ങനെ പോസ്റ്റാന്‍ എന്നെ പ്രേരിപ്പിച്ച സാഹചര്യങ്ങളിലേക്ക് കടക്കട്ടെ.

എന്റെ കൂട്ടുകാരെ പ്രേമിച്ചു ചതിച്ച പെണ്‍കുട്ടികളുടെ എണ്ണം വിരലില്‍ എണ്ണാവുന്ന ഘട്ടവും കഴിഞ്ഞിരിക്കുന്നു. ഇനിയും ഇതെനിക്ക് നോക്കി കൊണ്ടിരിക്കാനാവില്ല. എന്റെ പെണ്‍ സുഹൃത്തുക്കളോട് ഞാന്‍ ചോദിച്ചു; എന്താ നിങ്ങള്‍ ഇങ്ങനെ എന്ന്? (സത്യത്തില്‍ പെണ്‍ സുഹൃത്ത് എന്ന പദം എനിക്ക് ഇഷ്ടം അല്ല കേട്ടോ. സുഹൃത്തുക്കള്‍ എപ്പോഴും സുഹൃത്തായിരിക്കണം. അതില്‍ ആണ്‍ പെണ്‍ ഭേദം കല്‍പ്പിക്കേണ്ട കാര്യം ഇല്ല). എന്റെ സുഹൃത്തായ പെണ്‍കുട്ടികളില്‍ നിന്നും എനിക്ക് വ്യക്തമായ ഒരു മറുപടി കിട്ടുന്നില്ല. അവര്‍ അങ്ങനെ ചെയ്തിട്ടില്ല അല്ലെങ്കില്‍ ആണുങ്ങള്‍ ചതിയന്മാരാണ് തുടങ്ങിയ എങ്ങും തൊടാത്ത മറുപടി തന്നു മുങ്ങി. അത് കൊണ്ടു ഇനി പെണ്‍ മന:ശാസ്ത്രത്തെ പറ്റി കൂടുതല്‍ അറിയാന്‍ വേണ്ടി ഇവിടെ പോസ്റ്റിയാലോ എന്ന് കരുതി.

അവര്‍ പ്രണയിക്കുകയായിരുന്നു. ലോകത്തിലെ ഒരു ശക്തിക്കും അവരുടെ പ്രണയത്തെ തകര്‍ക്കാനാവില്ല എന്ന് എല്ലാവര്ക്കും തോന്നുന്ന വിധത്തില്‍. പരസ്പരം സംസാരിക്കുമ്പോള്‍ അവനു അവളുടെ കണ്ണും അവള്‍ക്കു അവന്‍റെ കണ്ണും മാത്രമേ കാണാമായിരുന്നുള്ളൂ. തങ്ങള്ക്ക് ചുറ്റും ഒരു ലോകമുണ്ടെന്നു അവര്‍ അറിയുന്നില്ല എന്ന് തോന്നി. വളരെ പരിശുദ്ധമായ പ്രണയം!!! ഇതു ഒരു ഹൈ സ്കൂള്‍ ചാപല്യം ആണെന്ന് എനിക്ക് തോന്നിയില്ല. അവരുടെ സ്വപ്നങ്ങള്‍ ഒരു പുലരിക്കു മായ്ക്കാന്‍ ആവുമെന്നും ഞാന്‍ കരുതിയില്ല. കാരണം ഈ രണ്ടു കൂട്ടരും പഠിച്ചു, ജോലി നേടി, സ്വന്തം ജീവിതത്തെ കുറിച്ചു ചിന്തിക്കാന്‍ പ്രാപ്തരാണ്. പക്ഷെ ഒരു സുപ്രഭാതം മുതല്‍ പ്രണയിനിയുടെ സ്വഭാവം ആകെ മാറും... എന്തു പറ്റി? വീട്ടില്‍ പുതിയ കല്യാണാലോചന... വീട്ടുകാരെ ധിക്കരിക്കാന്‍ വയ്യ.. ഇന്നലെ വരെ ജീവന്റെ ജീവനായിരുന്ന ആളെ ഹൃദയത്തില്‍ നിന്നും മാറ്റി മറ്റൊരു ജീവന്‍ പ്രതിഷ്ഠിക്കുന്നു. സത്യമായിട്ടും ... എങ്ങനെ സാധിക്കുന്നു ഇത്? ജോലികിട്ടി സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരായ ഒരാള്‍ക്ക്‌ വീട്ടുകാരെ പറഞ്ഞു മനസിലാക്കാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അവര്ക്കു സ്വന്തമായി തീരുമാനം എടുക്കാനും അത് നടപ്പിലാക്കാനും കഴിയില്ല എന്നല്ലേ? അങ്ങനെയുള്ള ഒരു പെണ്‍കുട്ടി ജീവിത കാലം മുഴുവന്‍ താലി കെട്ടാന്‍ വേണ്ടി കഴുത്ത് കുനിക്കുന്ന ആളുടെ അടിമയായി തുടരുക തന്നെ ആണ് നല്ലത്. ഒരു പുരുഷന്‍ വീട്ടുകാര്‍ സമ്മതിക്കില്ല എന്ന പേരില്‍ പ്രണയിനിയെ ഉപേക്ഷിക്കുന്ന കഥ ഞാന്‍ കേള്‍ക്കാറില്ല, അഥവാ വളരെ ചുരുക്കം ആണ്. പക്ഷെ പെണ്‍കുട്ടികളുടെ മനസ് എങ്ങനെ ഇത്ര ചഞ്ചലം ആകുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രേമം ഇത്ര ലാഘവമേറിയ വിഷയം ആണോ? ഒരു പക്ഷെ പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ ആണുങ്ങളെക്കാള്‍ വേഗം പെണ്‍കുട്ടികള്‍ക്ക് കഴിയുമായിരിക്കും.

ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു മറു വാദം ഉണ്ടായിരിക്കും. പ്രേമിച്ചു വഞ്ചിക്കുന്ന പെണ്ണുങ്ങളെക്കാള്‍ ഇവിടെ പ്രേമം നടിച്ചു ചതിക്കുന്ന ആണുങ്ങള്‍ ഉണ്ടെന്ന്. ഞാനും പ്രേമം നടിച്ചു ചതിക്കുന്ന ആണുങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ട് വഞ്ചിക്കുന്ന ആണുങ്ങളെ കണ്ടിട്ടില്ല. അങ്ങനെ പ്രേമം നടിക്കുന്നവരുടെ കെണിയില്‍ പെട്ട് ജീവിതം നശിപ്പിക്കുന്ന പെണ്‍കുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഈ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. അവര്ക്കു ചുറ്റുമുള്ള ലോകത്തിനു മൊത്തം അറിയാം അവന്‍ നിന്നെ ചതിക്കുമെന്ന്, പക്ഷേ അവള്‍ മാത്രം അത് മനസിലാക്കില്ല. ഒരു പുരുഷന്‍ സ്ത്രീയെ സ്പര്‍ശിക്കുമ്പോള്‍ അത് പ്രണയത്തോടെ ആണോ കാമത്തോടെ ആണോ അതോ സൌഹൃദത്തിന്റെ സ്നേഹ വായ്പോടെ ആണോ എന്ന് അവള്‍ക്കു ചുറ്റുമുള്ള ലോകം തിരിച്ചറിയുമ്പോള്‍, അവള്‍ക്കു മാത്രം അതിന് കഴിയുന്നില്ല എങ്കില്‍ അവള്‍ വളര്‍ന്ന സാഹചര്യം മാത്രമാണ് അതിന് ഉത്തരവാദി എന്ന് ഞാന്‍ കരുതുന്നു. ഇത്തരം സംഭവങ്ങള്‍ നമുക്ക് ചുറ്റും സുലഭമാണ്. ഇന്നലെ ഞാന്‍ നാട്ടിലേക്കു വരുമ്പോള്‍ എന്‍റെ അടുത്തു ഇരുന്നത് ഈ വര്‍ഗത്തിലുള്ള ഒരു കാമുകനായിരുന്നു. കാമുകിയുമായി മൊബൈല്‍ സല്ലാപത്തിലായിരുന്നു.
ഞാന്‍ ഡീസെന്‍റ് ആയിരുന്നു കേട്ടോ, അവര്‍ പറയുന്നത് ശ്രദ്ധിച്ചിരുന്നില്ല, അഥവാ ശ്രദ്ധിക്കുന്നില്ല എന്ന് നടിച്ചു കൊണ്ടിരുന്നു. "യാര്‍ തുംകോ പതാ ഹേ ?, മേം തുംകോ കിത്തനാ പ്യാര്‍ കര്‍ത്താ ഹേ? മുഝ് കോ തേരെ ബിനാ ജീ നഹി സക്തി. സോനേ കി സമയ് ഭീ മുഝ്കൊ തേരി യാദ് ആത്തി ഹേ." ഒരു മല്ലുവിന് വേണ്ട എല്ലാ ഉച്ചാരണ വൈകല്യങ്ങലോടും കൂടി അവന്‍ പഞ്ചാര തുടര്‍ന്നു. ഈ ഡയലോഗ് കേട്ട് കൊണ്ടു ഇവനോട് സംസാരിക്കുന്ന പെണ്‍കുട്ടിയോട് തീര്‍ച്ചയായും എനിക്ക് അപ്പോള്‍ സഹതാപം തോന്നി.

വീണ്ടും ഞാന്‍ എന്‍റെ പഴയ വിഷയത്തിലേക്ക് മടങ്ങട്ടെ: ആണിനെ വഞ്ചിക്കുന്ന പെണ്‍കുട്ടികള്‍! അവള്‍ക്കു അവനെ ഉപേക്ഷിക്കാന്‍ കാരണം എന്തൊക്കെ ഉണ്ട്? ജാതി... പണം ... പാരമ്പര്യം ... പിന്നെ അനിയത്തി ഉണ്ടെങ്കില്‍ അതും.. പഠിപ്പിച്ചു ജോലി വാങ്ങിതന്ന വീട്ടുകാരെ മറക്കണം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ വിവാഹം എന്നത് പ്രായപൂര്‍ത്തി ആയ ഒരാളെ സംബധിച്ചിടത്തോളം തികച്ചും സ്വതന്ത്രമായ ഒരു തീരുമാനം അല്ലേ? സ്വന്തം വീട്ടുകാരെ പറഞ്ഞു മനസിലാക്കാന്‍ എന്ത് കൊണ്ടു ഒരു പെണ്കുട്ടിക്കാവുന്നില്ല എന്ന് എനിക്ക് മനസിലാകുന്നില്ല. അതോ പുതിയ ഒരു ആണിനെ കാണുമ്പോള്‍ അവന്‍ ശാരീരികമായി ആല്ലെങ്കില്‍ മാനസികമായി അതുമല്ലെങ്കില്‍ പണം, സ്ഥാനം തുടങ്ങിയ കാര്യങ്ങളില്‍ സ്വന്തം കാമുകനേക്കാള്‍ കേമനാണെങ്കില്‍ അവള്‍ക്കു എല്ലാം മറക്കാന്‍ കഴിയുമോ?

ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ. വീട്ടുകാരെയും ബന്ധുക്കളെയും ഒക്കെ എതിര്‍പ്പുകളെ അവഗണിച്ച് സ്വന്തം പ്രേമത്തിന് വേണ്ടി നിലകൊണ്ട ചില പെണ്‍കുട്ടികളും എന്‍റെ സൌഹൃദ ഗണത്തിലുണ്ട്. അവരോടു എനിക്ക് തികച്ചും ആരാധന ഉണ്ട്. അത് പൊതുവേ മിണ്ടാപൂച്ചകള്‍് എന്ന ഗണത്തില്‍ ഉള്പ്പെടുത്തിയിരുന്നവര്‍.

ഒരു താരതമ്യം കൂടി. പൊതുവേ ഇത് സംഭവിക്കുന്നത്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവര്ക്കിടയിലാണെന്നു തോന്നുന്നു. എന്‍റെ നാട്ടിന്‍ പുറത്തു ഇപ്പോള്‍ പ്രേമ വിവാഹങ്ങളുടെ ഘോഷയാത്രയാണ്. ജാതിമതഭേതമന്യേ എല്ലാവരും വീട്ടുകാര്‍ അറിയാതെ(അതോ അറിഞ്ഞോ ) വിവാഹിതരാവുന്നു. ഇതൊന്നും വീട്ടുകാരെ ഒട്ടും ബാധിക്കുന്നില്ല എന്നതാണ് സമാധാനം. ഈയടുത്ത നാളില്‍ കല്യാണം നിശ്ചയിച്ച ഒരു പെണ്‍കുട്ടി കാമുകനോടൊപ്പം പുറപ്പെട്ടത്‌ കാര്യമാക്കാതെ വീടിന്റെ മോടി കൂട്ടല്‍ തുടര്‍ന്ന വീട്ടുകാരെയും ഞാന്‍ കണ്ടു.

ഒരു പക്ഷേ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ഇവിടെ ആര്‍ക്കും കുഴപ്പം ഒന്നും കണ്ടുപിടിക്കാന്‍ കഴിയില്ലായിരിക്കും. രണ്ടു മൂന്നു വര്ഷം കഴിയുമ്പോള്‍ അവനും എല്ലാം മറന്നേക്കും, പുതിയൊരു ജീവിതം ആരംഭിച്ചേക്കും. അങ്ങനെ ചിന്തിക്കുമ്പോള്‍ പ്രണയിക്കുന്നതും പിന്നെ ഇഷ്ടമല്ല എന്ന് തോന്നുമ്പോള്‍ ഉപേക്ഷിക്കുന്നതും തെറ്റായ ഒരു കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല, അത് ഇവരിലൊരാള്‍്ക്ക് ശാരീരികമായോ ധനപരമായോ നഷ്ടമൊന്നും വരുത്തുന്നില്ല എങ്കില്‍. മറ്റൊരാളെ മാനസികമായി വേദനിപ്പിക്കുന്നത് തെറ്റാണു എന്ന് ഞാന്‍ കരുതുന്നില്ല. അത് വേദനിക്കപ്പെടുന്ന ആളുടെ ഒരു ന്യൂനത മാത്രമാണ്. ഇതൊക്കെ എനിക്കും പറയാന്‍ എളുപ്പമാണ്. ഞാന്‍ പറഞ്ഞില്ലേ എന്റെ കൂട്ടുകാരുടെ കാര്യം വരുമ്പോള്‍ ഞാനും അല്പം സ്വാര്‍ഥന്‍് ആയി പോകുമെന്ന്. അവര്‍ വേദനിക്കുന്നു. പലരും ആത്മഹത്യയുടെയും വിഷാദ രോഗത്തിന്‍റെയും അരികിലൂടെ നടന്നു ജീവിതത്തിലേക്ക് മടങ്ങുന്നു.

ഇനി അറിയാവുന്ന ആരെങ്കിലും പറയൂ .... എന്താ ഈ പെണ്കുട്യോളൊക്കെ ഇങ്ങനെ? ഇനിയെന്കിലും ചില മുന്‍്കരുതല്‍് എടുക്കാമല്ലോ? എന്‍റെ കൂട്ടുകാരുടെ കാര്യത്തില്‍ ... അല്ലെങ്കില്‍ ചിലപ്പോള്‍ എന്റെ കാര്യത്തില്‍ ...


സമര്‍പ്പണം :
എന്‍റെ ഇതുവരെ സഫലമാവാത്ത പ്രണയത്തിനായ്‌, മാര്‍ച്ചിന്റെ ചൂടില്‍ വഴിയോരങ്ങളില്‍ പീത വര്‍ണം കൊണ്ട് ചിത്രം വരയ്ക്കുന്ന, പ്രണയിതാക്കളുടെ ഏറ്റവും അടുത്ത സുഹൃത്ത് ആയ(ആയിരുന്ന) വാക മരങ്ങള്‍ക്കായി