Saturday, June 20, 2009

ഡെന്നിസ്സിനെ പ്രണയിച്ച മാളു


പ്രിയപ്പെട്ട കൊച്ചിന്,

എനിക്ക് മനസ്സിലായി ഇപ്പോള്‍ നീ ഓര്‍ത്തത്‌ എന്താന്ന്‌? എനിക്കിപ്പോഴും ചിരി വരും ആ പഴയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍. സ്ക്കൂളില്‍ ചേര്‍ന്നപ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് നിന്നെ കൊച്ചേന്നു വിളിച്ചപ്പോള്‍ നിനക്കുണ്ടായ ചമ്മല്‍. ഞാന്‍ വളരെ കഷ്ടപ്പെട്ടു കിട്ടാ അന്ന് അത് മാറ്റി സൂരജെന്നു വിളിക്കാന്‍. ഒരു പക്ഷേ അതിനേക്കാള്‍ ബുദ്ധിമുട്ട് അനുഭവിച്ചത് നീയാന്നു തോന്നുന്നു, മാളു എന്നതിന് പകരം സാരംഗി എന്ന് വിളിക്കാന്‍. പക്ഷേ പിന്നീടെപ്പോഴോ വീണ്ടും നീയെനിക്ക് കൊച്ചും ഞാന്‍ നിനക്ക് മാളുവുമായി. നിനക്ക് അവിടെ സുഖമാണോ എന്ന് ചോദിക്കേണ്ട കാര്യം ഇല്ല. നിന്നെ ഞാന്‍ ഫോണ്‍ ചെയ്തു കഴിഞ്ഞിട്ട് അധിക നേരം ആയില്ലല്ലോ? ഇപ്പോഴും എനിക്ക് അതാകാമായിരുന്നു. പക്ഷേ എനിക്കറിയാം നീ അതിനു സമ്മതിക്കൂല്ല എന്ന്. ഡെന്നിയെ പറ്റി ഞാന്‍ സംസാരിക്കുമെന്നു ഭയന്ന്. നീയും ഡെന്നിയുമായുള്ള സൌഹൃദത്തെ പറ്റി എനിക്കറിയാം. എങ്കിലും എന്നെ വേദനിപ്പിക്കാതിരിക്കാനാണ് ഞാന്‍ ഡെന്നിയെ പറ്റി സംസാരിക്കാന്‍ തുടങ്ങുമ്പോഴേ നീ വിഷയം മാറ്റുന്നതെന്നും എനിക്കറിയാം.

നിനക്കറിയ്യോ? കൊറേ കാലത്തിനു ശേഷം ഇന്ന് ഞാനിന്നൊരു രാഗവിസ്താരത്തിന് ശ്രമിച്ചു. മറ്റൊന്നുമല്ല നിന്‍റെയും എന്‍റെയും എക്കാലത്തെയും പ്രിയപ്പെട്ട നീലാംബരി: മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവരുടെ രാഗം. ഡെന്നി ഇഷ്ടപ്പെട്ടിരുന്നു, എന്‍റെ പാട്ട് കേക്കാന്‍. പക്ഷേ നീലാംബരിയാണോ ആനന്ദഭൈരവി ആണോ എന്നൊന്നും അവന്‍ ഒരിക്കലും ചിന്തിക്കൂല്ലായിരുന്നു. ഞാനെന്തിനാ ഇതൊക്കെ ഇപ്പോള്‍ നിന്നോടു പറയുന്നേ? ഇതൊക്കെ എനിക്കെന്ന പോലെ നിനക്കും അറിയാവുന്ന കാര്യങ്ങളാണല്ലോ? അധികനേരം എനിക്കതിനു കഴിഞ്ഞില്ല കിട്ടാ. എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി. ഡെന്നിക്ക് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് മൂന്നു വര്‍ഷം തികഞ്ഞു. എന്‍റെ ജീവിതത്തിലെ ഏറ്റവും വേദനിച്ച നിമിഷം. ഡെന്നിക്ക് വേണ്ടിയാണ് ഞാന്‍ എന്‍റെ ചേട്ടായിയുമായി ആദ്യമായി പിണങ്ങുന്നത്. ഞങ്ങളുടെ അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞപ്പോള്‍ പോലും ഞാന്‍ ഇത്രയും സങ്കടപ്പെട്ടിട്ടില്ല. നിനക്കറിയാല്ലോ, ആത്മഹത്യ ചെയ്യുന്നവരെ പറ്റി വളരെ പുച്ഛത്തോടെ സംസാരിച്ചിരുന്ന മാളുവിനെ? ആ മാളു ആദ്യമായി അതിനെ പറ്റി അന്ന് ചിന്തിച്ചു. അവിടെ നിന്നും നീയെന്നെ കൈ പിടിച്ചുയര്‍ത്തി, ആത്മഹത്യ ചെയ്യുന്നവര്‍ അവരെ സ്നേഹിക്കുന്നവര്‍ക്ക് നല്‍ക്കുന്ന തീരാദുഃഖത്തെ കുറിച്ച് പറഞ്ഞു കൊണ്ട്. അല്ലെങ്കിലും കുട്ടിക്കാലം മുതല്‍ അത് അങ്ങനെ ആയിരുന്നൂല്ലോ? നീയെന്നെ സഹായിച്ചിട്ടുള്ള അവസരങ്ങള്‍ നിരവധി ആണ്. നീ പറയാറില്ലായിരുന്നോ, ഞാന്‍ എല്ലാ കാര്യവും എടുക്കുന്നത് ഒട്ടും ഗൌരവം ഇല്ലാതെ ആണെന്ന്. അതിനൊരു ഉദാഹരണവും പറഞ്ഞിരുന്നു. fourth semester ഇലെ unix ന്‍റെ എക്സാം. ഞാന്‍ പത്തു മിനിറ്റ് കൊണ്ട് എഴുതി തീര്‍ത്തു എല്ലാ ആണുങ്ങളെയും ഞെട്ടിച്ചു കൊണ്ട് മിസ്സിന്‍റെ കയ്യില്‍ കൊണ്ടെ പേപ്പര്‍ കൊടുത്ത കാര്യം. ഒപ്പം ആദ്യം മിസ്സിനെയും പിന്നെ ബാക്കിയുള്ളവരേയും പുച്ഛത്തോടെയുള്ള നോട്ടം. നോട്ടം വെറുതെയായില്ല.. വളരെ കാര്യമായി പൊട്ടുകയും ചെയ്തു. പക്ഷേ ഇവിടെ മാത്രം ഞാന്‍ ശരിക്കും തകര്‍ന്നു പോയി.

ഇപ്പോള്‍ എനിക്കും അത്ഭുതം തോന്നുന്നു. എന്താ നമുക്കിടയില്‍ പ്രണയം ഉണ്ടാകാഞ്ഞേ എന്ന്? പ്രേമിക്കുന്നത് ഞാനും ഡെന്നിയും തമ്മിലാണ്, നമ്മള്‍ തമ്മിലല്ല എന്നറിഞ്ഞപ്പോള്‍ നമ്മുടെ കൂട്ടുകാര്‍ക്കിടയില്‍ ഉണ്ടായ അതിശയം ഞാനിപ്പോഴും ഓര്‍ക്കുന്നു. ഇരുപത്തൊന്നു വര്‍ഷം ഒരുമിച്ചു വളര്‍ന്നിട്ടും ഉണ്ടാവാത്ത ആ വികാരം, വെറും ഒരു മാസം കൊണ്ട് ഒരാളോട് തോന്നുക എന്ന് പറഞ്ഞാല്‍ പലര്‍ക്കും അതിശയം തന്നെ ആയിരിക്കും. പക്ഷേ എനിക്കറിയാം നിനക്കതൊരിക്കലും അത്ഭുതം ആകൂല്ല എന്ന്. എന്തെന്നാല്‍ നീയും അറിയുന്നു, പ്രണയമെന്തെന്നു, എന്നെ പോലെ. ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും വലിയ മാനസിക വേദന നഷ്ടപ്പെട്ട സ്നേഹത്തെ ഓര്‍ത്താവണം. ഒരു പക്ഷേ ഡെന്നിക്ക് അത് എന്നോടു ഉണ്ടായിരുന്നോ? ഇപ്പോള്‍ എനിക്ക് സംശയം തോന്നുന്നു. ഞാനായിരുന്നു ഡെന്നിയെ സ്നേഹിച്ചിരുന്നേ. അല്ലെങ്കില്‍ " മറ്റുള്ളവരെ മനസിലാക്കാന്‍ എനിക്ക് നന്നായി കഴിയും എന്നായിരുന്നു ഇത് വരെയുള്ള എന്‍റെ വിശ്വാസം " എന്ന് ഡെന്നി എന്നോടു പറയ്യോ? എന്നെ ഉറക്കത്തില്‍ പോലും ഈ വാക്കുകള്‍ വേദനിപ്പിച്ചിരുന്നു. എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞതിന് ശേഷവും വിളിക്കാന്‍ ഞാന്‍ പലതവണ ഒരുമ്പെട്ടതാണ്. പക്ഷേ അപ്പോഴെല്ലാം നീ പറഞ്ഞ പോലെ ഞാന്‍ ഓര്‍ക്കും ഡെന്നി എന്നോടു അവസാനമായി സംസാരിച്ച പരുഷവാക്കുകള്‍ ഏതെന്ന്. "പ്രേമിക്കുന്നവന്‍ കിടപ്പറയിലേക്ക് വിളിച്ചാല്‍ യാതൊരു സങ്കോചവും കൂടാതെ ചെല്ലുന്നവള്‍" അവിടെയാണോ ഡെന്നി എന്നെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടത്. എങ്കിലും ഡെന്നി ഉപയോഗിച്ച ഒരു വാക്കില്‍ ഞാന്‍ സന്തോഷിക്കുന്നു. 'പ്രേമിക്കുന്നവന്‍' അതിന്‍റെ ആഴം മാത്രമേ ഞാന്‍ അന്ന് നോക്കിയുള്ളൂ. ഡെന്നി കാണാതിരുന്നതും അത് മാത്രം. അതിനിയും സംഭവിക്കുമായിരിക്കും. എന്‍റെ പ്രേമം മാത്രമേ ഡെന്നി പറയുന്ന രീതിയില്‍ ഞാന്‍ സങ്കോചമില്ലാതെ വെളിപ്പെടുത്തിയിരുന്നുള്ളൂ... എന്നും. ഡെന്നി എന്നില്‍ തേടിയ അഗാധത സ്നേഹത്തിന്‍റെയല്ല എന്നും ഞാന്‍ ഇപ്പോള്‍ വേദനയോടെ അറിയുന്നു. എന്നെ സ്നേഹിച്ചിരുന്നവരില്‍ നീ മാത്രം ഇതിന്‍റെ പേരില്‍ എന്നെ കുറ്റപ്പെടുത്തിയില്ല എന്നും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

അടുത്തയാഴ്ച get together നു വരണോ വേണ്ടയോ എന്ന് തീരുമാനിച്ചില്ല. കഴിഞ്ഞ വര്‍ഷം ഡെന്നിയുടെ തൃശൂരുള്ള പുതിയ വീടിന്‍റെ വെഞ്ചരിപ്പിനു വിളിച്ചിരുന്നു. നീയുമുണ്ടായിരുന്നൂല്ലോ അല്ലേ? സ്നേഹം തുളുമ്പി നിന്നിരുന്ന സംഭാഷണങ്ങളില് നിന്നും വികാരരഹിതമായ ഉപചാരവാക്കുകളിലേക്കുള്ള ദൂരം വളരെ ചുരുങ്ങിയതാണ് എന്ന് ഞാന്‍ അന്ന് മനസിലാക്കി. പക്ഷേ അന്നും എനിക്ക് മനസ്സിലായി എന്‍റെ പ്രണയനിര്‍ഭരമായ കണ്ണുകളെ നേരിടാനുള്ള മനക്കരുത്ത് ഡെന്നി ഇനിയും നേടിയിട്ടില്ല എന്ന്. വല്ല വിധേനയും എന്നില്‍ നിന്നും ഒഴിയാന്‍ ശ്രമിക്കുന്നതും ഞാന്‍ അറിഞ്ഞു. എല്ലാത്തിനുമുപരി എനിക്ക് മനസിലാകാഞ്ഞ ഒരു നിസംഗതയും. അന്ന് ഡെന്നിയുടെ അമ്മച്ചിയുടെ കണ്ണുകളിലെ നിസഹായത കണ്ടപ്പോള്‍ എനിക്ക് സത്യത്തില്‍ സഹതാപം തോന്നി. സ്വന്തമായി പണം സമ്പാദിക്കാത്ത ഒരു സ്ത്രീയുടെ നിസ്സഹായവസ്ഥ. എത്ര സന്തോഷകരമായിരുന്നു ആ പഴയ കാലം, നീയോര്‍ക്കുന്നില്ലേ? M C A യ്ക്ക് ചേര്‍ന്ന ശേഷം ഉള്ള ആദ്യത്തെ ഈസ്റ്റര് ആഘോഷിക്കാന്‍ ഡെന്നി നമ്മളെ തൃശൂരേക്ക് ക്ഷണിച്ചത്. നീ അതൊരിക്കലും മറക്കൂല്ല. അന്ന് നീ പുളിശ്ശേരി മാത്രം കൂടിയല്ലേ ചോറുണ്ടത്. ഡെന്നിയുടെ അമ്മച്ചിയുടെ സ്നേഹവായ്പ് അന്ന് ഒത്തിരി അനുഭവിച്ചതാണ്. ആ സ്നേഹം അനുഭവിക്കാന്‍ ദൈവം അനുഗ്രഹിച്ചത് കരോളിനെ , ഡെന്നി കെട്ടാന്‍ പോകുന്ന കുട്ടിയെ, ആയിരിക്കും. വെഞ്ചരിപ്പിന്‍റെയന്നു നീയും ആ കുട്ടിയെ കണ്ടിരിക്കുമല്ലോ? ഒരു പൂച്ച കുട്ടിയെ പോലെ പാവം. എന്നെ പോലെ ഒന്നും അല്ല. ഡെന്നിക്ക് ഭയമായിരുന്നു. അപ്പച്ചനെയും ഏട്ടന്‍മാരെയും എല്ലാം. ധൈര്യമില്ലാത്തവര്‍ ഈപ്പണിക്ക് പോകരുത് അല്ലേ? നീ പറയും പോലെ. അല്ലെങ്കില്‍ നീ എപ്പോളും പറയാറുള്ള പോലെ നമ്മളൊക്കെ ഹൃദയം കൊണ്ട് ചിന്തിക്കുമ്പോള്‍ ഡെന്നി തല കൊണ്ട് ചിന്തിച്ചിരുന്നു. അത്രേയുള്ളൂ. എന്‍റെ അനിയത്തി... അമ്മ... ഇതൊക്കെ ഒരു ഭാരമായേക്കാം എന്ന് ഡെന്നി കരുതി കാണും. പിന്നെ നിയുമായുള്ള എന്‍റെ സൌഹൃദവും ചിലര്‍ കുത്തി വിഷവും ചേര്‍ന്നപ്പോള്‍ എല്ലാം പൂര്‍ത്തിയായി. ഞാന്‍ അഹങ്കരിച്ചിരുന്നു. ഞാന്‍ വളരെ practical ആണെന്ന്‌. പ്രേമനൈരാശ്യത്തില്‍ കഴിയുന്നവരോട് എനിക്ക് പുച്ഛവുമായിരുന്നു. ദൈവം എനിക്ക് അതിനു മറുപടി തന്നു. എന്നെ വേണ്ട എന്ന് പറഞ്ഞ ഒരാളെ കുറിച്ച് ഓര്‍ത്തു എന്തിനു ഞാന്‍ വേദനിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇനി ആരോടെങ്കിലും എനിക്ക് പ്രണയം തോന്നുമോ? അറിയില്ല.

നമ്മള്‍ രണ്ടും കാല്പനികതയുടെ മനുഷ്യരൂപങ്ങളായിരുന്നു. ജൂണ്‍ മാസത്തിലെ കൊടും മഴയത്ത് ഒരു കുടക്കീഴില്‍ സ്ക്കൂളില്‍ പോകുന്ന കാലം തൊട്ടേ നമ്മള്‍ സ്വപ്നങ്ങളില്‍ ജീവിക്കുന്നവരായിരുന്നു. കോട്ടയത്തെ മലഞ്ചരുവുകളിലും ... ആലപ്പുഴയിലെ പഞ്ചാര മണലിലും .. പിന്നെ കൊച്ചിയിലെ കായലോരങ്ങളിലും അത് തുടര്‍ന്നു. ആദ്യമായാണ്‌ നമ്മള്‍ ഇത്രയും കാലം പിരിഞ്ഞിരിക്കുന്നത്. എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ. സ്ക്കൂളില്‍ നീ ഒപ്പിക്കുന്ന കുരുത്തക്കേടുകളൊക്കെ ഞാന്‍ വള്ളി പുള്ളി വിടാതെ വീട്ടിലെത്തിക്കുന്നതും .. പിന്നെ പ്രീഡിഗ്രിക്ക് മിക്കവാറും എല്ലാ സമര ദിവസങ്ങളിലും മൂവാറ്റുപുഴയാറിന്‍റെ തീരങ്ങളിലൂടെയുള്ള കാല്‍നടയും ഒക്കെ. ഡിഗ്രീക്ക് നമ്മള്‍ തീര്‍ച്ചയായും കൂടുതല്‍ സംസാരിച്ചിരുന്നത് ബോട്ടില്‍ വച്ചായിരുന്നു അല്ലേ? m c a യ്ക്ക് എനിക്ക് നിന്നോടൊപ്പം ഉള്ള ഓര്‍മ്മകള്‍ അധികം ഇല്ല കിട്ടാ. നീ മനഃപൂര്‍വ്വം കുറച്ചു അകലം പാലിച്ചിരുന്നു എന്ന് തോന്നുന്നു. അതോ മറ്റുള്ള ഓര്‍മകളുടെ കൂടുതല്‍ കൊണ്ട് മറന്നതാണോ?

ഏതായാലും bangalorile ജോലി രാജി വച്ച് നാട്ടിലേക്ക് പോന്നത് നന്നായി എന്ന് തോന്നുന്നു. ഇവിടെ ഞാന്‍ സംസാരിക്കുന്നത് കമ്പ്യൂട്ടര്‍ നോട് മാത്രം അല്ലല്ലോ? കുട്ടികള്‍ ഉണ്ടല്ലോ? അവരോടൊപ്പം ഉള്ള സമയം എല്ലാം മറക്കാം. പിന്നെ അമ്മയെ നോക്കാം. കല്യാണത്തിന് ശേഷം ചേട്ടായി വളരെ സെല്‍ഫിഷ് ആയ പോലെ തോന്നുന്നു. അച്ചു ഇപ്പോള്‍ medicine ഫൈനല്‍ ഇയര്‍ ആണെന്ന് പോലും മറന്നു. ചേട്ടായിയെ എന്തിനു പറയുന്നു. ഞാന്‍ അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ അല്ലേ ഒപ്പിച്ചത്? വീട്ടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിക്കുണ്ട്. ഒരു ദിവസം എങ്കിലും ഡെന്നിയെ പറ്റി ആലോചിക്കാതെ കടന്നു പോയെങ്കില്‍ അതിനെ പറ്റി ചിന്തിക്കാമായിരുന്നു. ഛെ! എന്നാലും പ്രണയിക്കാതെ എന്തു കല്യാണം. കല്യാണത്തിന് ശേഷം അയാളോട് പ്രണയം തോന്നിയില്ലെങ്കിലോ? ജീവിതം കട്ടപ്പൊഹ!ഓര്‍ക്കുന്നില്ലേ മഴ സിനിമയില്‍, സംയുക്ത ഇങ്ങനെ പാട്ട് പാടി പ്രണയാതുരയായി നിക്കുമ്പോള്‍, ലാല്‍ ചോദിക്കുന്ന ചോദ്യം? നിന്‍റെ ഉള്ളിലെ കൃഷ്ണന്‍ ആരാണെന്ന്. ഏതായാലും അങ്ങനെ ഒന്നിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ഹൃദയം കുറച്ചു ശാന്തമായെന്നു തോന്നുന്നു.
ഇനി ഞാന്‍ ഉറങ്ങട്ടെ.... നാളെ വിളിക്കാം.
സ്നേഹപൂര്‍വ്വം,
മാളു എന്ന സാരംഗി.