തൊട്ടതിനും പിടിച്ചതിനും ഒക്കെ നൊസ്റ്റാള്‍ജിയ ഉള്ള എനിക്ക് പൂര്വകമ്പനിയിലെ കൂട്ടുകാര്‍ ഒരു യാത്രക്ക് വിളിച്ചാല്‍ പോകാതിരിക്കാന്‍ ആകുമോ? അതും ഗോവയ്ക്ക് എന്നും പറഞ്ഞു വിളിക്കുമ്പോള്‍. ആകാശത്തോളം സ്വപ്നം കണ്ടാലേ കുന്നോളം കിട്ടൂ: ഗോവയില്‍ പോകണം എന്ന് കരുതി, അതുകൊണ്ട് ഗോകര്‍ണ വരെ പോകാന്‍ പറ്റി. അല്ലെങ്കില്‍ തന്നെ പെണ്ണുങ്ങളെ പോലെ നന്നായി ഒരു ട്രിപ്പ് അപൂര്‍വ്വ സുന്ദരമാക്കാനും അലങ്കോലമാക്കാനും കഴിവുള്ളവര്‍ വേറെയില്ല. ഞാനൊരു പ്രാസത്തിനു അങ്ങ് പറഞ്ഞു പോയന്നേ ഉള്ളൂ. ഇവിടെ ആരും അലങ്കോലപ്പെടുത്തിയില്ല. ഞങ്ങളുടെ ഗോവ എന്ന target ഗോകര്‍ണയിലേക്ക് മാറ്റേണ്ടി വന്നു, പെണ്‍പ്രജകളുടെ സാന്നിധ്യം മൂലം, അത്ര മാത്രം.
"വണ്ടി ഗേറ്റില്‍ എത്തിയിട്ടുണ്ട്, ഞാന്‍ പോയി കൂട്ടി കൊണ്ട് വരാം, അല്ലെങ്കില്‍ സെക്യൂരിറ്റി കടത്തി വിടില്ല." സജയന് പറയുന്നത് കേട്ടാണ് ഞങ്ങള്‍ ഓഫീസിന്റെ reception ഇല് നിന്നും വെളിയിലേക്കിറങ്ങിയത്. 5 മിനിറ്റ് .. 10 മിനിറ്റ് ... 20 മിനിറ്റ്.. ഗേറ്റില്‍ നിന്നും ഇവിടെ വരാന്‍ എത്താന്‍ ഒരു വണ്ടിക്കു ഇത്ര സമയം വേണോ? ... ദൈവമേ ഇനി ഇവന് കല്ലടയുടെ ഏതെങ്കിലും വണ്ടി ആണോ ബുക്ക് ചെയ്തത്? അങ്ങനെയെകില്‍ ഞങ്ങളുടെയൊക്കെ മധുവിധുവിന് പ്രതീക്ഷിച്ചാല്‍ മതി വണ്ടി. എനിക്കാണെങ്കില്‍ തിരിച്ചു ഓഫീസില്‍ കയറാന്‍ നിര്‍വാഹമില്ല. രാത്രിയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഒരു ടാഗിന്റെ വിലയേ? ബെന്‍ഗളൂരിന്റെ തണുപ്പ് ആവോളം അനുഭവിച്ചു നില്ക്കുമ്പോള് വിഷണ്ണനായി വരുന്ന സജയനെ കണ്ടു. അധികം ആലോചിക്കേണ്ടി വന്നില്ല. വണ്ടിക്കാരന് മുങ്ങി എന്ന് മനസ്സിലായി. അതെ... വണ്ടിക്കാരന് ഗേറ്റ് ഇനുള്ളില്‍ പ്രവേശിച്ച ശേഷം സജയനെ ചവിട്ടി പുറത്താക്കി വണ്ടിയുമായി തന്നെ മുങ്ങി. ഇങ്ങനെ തന്നെ വേണം. ഓര്‍ക്കുട്ട്, ട്വിറ്റെര്‍, ഫേസ് ബുക്ക് ... ഇങ്ങനെ സകലമാന ഓണ്‍ലൈന്‍ പ്രൊഫൈല്‍ ഇലും "travelling to goa" എന്ന് പ്രഖ്യാപിച്ച ശേഷം, ആളൊന്നുക്ക് ക്യാമറയും, ബീച്ചിലേക്ക് വേണ്ടി സ്വിമ്മിംഗ് suit ഉം ഒക്കെ വാങ്ങി, അതും പോരാഞ്ഞു നീന്തലില്‍ പ്രത്യേക പരിശീലനവും നേടി വന്ന ഞങ്ങളോട് ഡ്രൈവര്‍ എന്ന മഹാപാപി ചെയ്ത കൊലച്ചതി.
മാനേജര്‍ എന്ന കുത്സിത സമൂഹത്തിനോട് ആദ്യമായി പ്രതിപത്തി തോന്നിയ നിമിഷം. അവരാണ് ഈ ട്രിപ്പ് പോകാന്‍ ഞങ്ങളെ സഹായിച്ചത്. എല്ലാ ദിവസവും വൈകി ഇറങ്ങിയിരുന്നതിനാല്‍ ക്യാബ് ഡ്രൈവേര്‍സ് ഞങ്ങളുടെ സുഹൃത്തുക്കള്‍ ആയിരുന്നു. നിമിഷങ്ങള്‍ക്കകം ബെന്‍ഗളൂരിന്റെ നാനാ ഭാഗത്തുമുള്ള ട്രാവല്‍ ഏജന്‍സിയിലേക്ക് കാള്‍കള്‍ പാഞ്ഞു. ഒടുവില്‍ ഒരു traveller തപ്പി പിടിച്ചെടുത്തു. അങ്ങനെ ആ രാത്രിയില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു.
പാഠം 1 : ഒരു യാത്ര പോകാന്‍ ഒരു വണ്ടി പോലും മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട കാര്യം ഇല്ല.
ആദ്യം ജോഗ് വെള്ളച്ചാട്ടം കാണാനാണ് പോയത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടത്തെ കണ്ടപ്പോള്‍ എനിക്ക് സത്യത്തില്‍ സഹതാപം തോന്നി. ശുഷ്ക്കിച്ച സുസ്മിത സെന്നിനെ പോലെ നില്ക്കുന്ന ജോഗ് എന്നില്‍ യാതൊരും വികാരവും ഉണര്‍ത്തിയില്ല. ഇച്ചിരി വെള്ളം ദാനം ചെയ്താലോ എന്ന് തോന്നി. ഞാന്‍ അത് കൂടെ ഉണ്ടായിരുന്നവരെയും കൂടി ഉള്‍പ്പെടുത്തി സാധിക്കുകയും ചെയ്തു. എന്തൊക്കെ ആയാലും ലക്ഷണം കണ്ടിട്ട് മഴക്കാലത്ത് തകര്‍ത്തു ഒഴുകുന്ന വെള്ളച്ചാട്ടം പോലെ തന്നെ ആണ് തോന്നിയത്. ജലകണങ്ങളും പ്രകാശവും കൂടി തീര്‍ക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ പ്രതിഭാസവും അവിടെ ദര്‍ശിക്കാനായി.
അടുത്ത ലക്ഷ്യം യാന ആയിരുന്നു. പക്ഷെ അതിനു മുമ്പ് ഊണ് കഴിക്കണം. അതിനായ് ഹോനവര്‍ എന്ന സ്ഥലത്താണ് നിര്‍ത്തിയത്. കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. അത്യാവശ്യം നല്ല ധാരാളം ഹോട്ടല്കള് ഞങ്ങളെ മാടി മാടി വിളിക്കുന്ന വിധം നില്ക്കുന്നു. മൂന്നു മണി കഴിഞ്ഞു, വിശപ്പ് അതിന്റെ ഉച്ചിയിലായിരുന്നു. ആദ്യം കണ്ട കൊള്ളാവുന്ന ഹോട്ടല്‍ നെ ലക് ഷ്യമാക്കി നടന്നു. അതാ സ്വാഗതം ചെയ്യാന്‍ ആള്ക്കാര് വാതില്ക്കല് തന്നെ നില്ക്കുന്നു. കേരളത്തിലെ മൂരാച്ചി hotels ഇതൊക്കെ കണ്ടു കണ്ടു പഠിക്കണം.
"നിക്ക് നിക്ക് , എവിടെ പോകുന്നു?"
"ലഞ്ച്... ഇല്ലേ?"
"ഇല്ല"
"മറ്റെന്തെങ്കിലും? "
"ഇവിടെ ഒന്നുമില്ല"
അങ്ങനെ ആ മാന്യദ്ദേഹം ഞങ്ങളെ ഹോട്ടല്‍ ഇന്റെ ഉള്ളിലേക്ക് കാലെടുത്തു കുത്താന്‍ പോലും സമ്മതിക്കാതെ പറഞ്ഞു വിട്ടു. ചുട്ടു വട്ടത്തുള്ള എല്ലാ ഹോട്ടല്‍ ഇലും ഇതേ അനുഭവം. കഷ്ടപ്പെട്ട് ഒരു ഹോട്ടല്‍ ഇല് കയറിപ്പറ്റി.
"ജ്യൂസ് മാത്രമേ ഉള്ളൂ"
"കഴിക്കാന്‍ ഒന്നുമില്ലേ?"
"ദോശ ഉണ്ട് .. അര മണിക്കൂര്‍ എടുക്കും"
"സാരമില്ല"
അങ്ങനെ കുറച്ചു പേര്‍ക്ക് ജ്യൂസ് ഉം പിന്നെ ദോശയും ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ കാത്തിരുന്നു.
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജ്യൂസ് എത്തി.
"ദോശ?"
"ദോശ തരില്യ"
"തരില്ലേ? അതെന്താ?"
"തരാന്‍ പറ്റില്യ .. അത്ര തന്നെ"
"ചായയോ?"
"ചായയും ഇല്യ ... ഇനിയും അരമണിക്കൂര്‍ പിടിക്കും"
അവനെ കുനിച്ചു നിര്‍ത്തി മുതുകിനിട്ടു തൊഴിക്കാന്‍ ചൊറിഞ്ഞു വന്നു. എനിക്കറിയാവുന്ന തെറികളെല്ലാം എന്റെ മനസ്സില്‍ വന്നു. (മനസ്സില്‍ മാത്രം) . ഒടുവില്‍ ഞങ്ങള്‍ മോയ്ലാളിയെ നേരിട്ട് കണ്ടു കരഞ്ഞു കാലു പിടിച്ചു.
"പ്ലീസ് ... ഞങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ തരൂ .."
അങ്ങനെ അവിടുന്നു കിട്ടിയ ദോശയുടെ ഊര്‍ജത്തില്‍ ഞങ്ങള്‍ യാനയിലേക്ക് കുതിച്ചു. കുതിപ്പിന്റെ ആവേശം അല്പം കൂടിയതിനാല്‍ വഴി തെറ്റി എങ്ങാണ്ടും എത്തി. ആ എങ്ങാണ്ടിന്റെ ഫോട്ടോ ആണ് താഴെ.
ഒടുവില്‍ യാനയിലും എത്തപ്പെട്ടു. അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു. കന്നട അറിയാവുന്ന രണ്ടു പേര് മാത്രം ഞങ്ങളോടൊപ്പം. അവിടെ കണ്ട ചെല്ലപ്പന് ചേട്ടനോട് ചോദിച്ചു. എങ്ങോട്ടാണ് പോകേണ്ടതെന്ന്. ചെല്ലപ്പന് ചേട്ടന് ഇരുട്ടിലേക്ക് ഒരു വഴി കാട്ടി പറഞ്ഞു ദാ അങ്ങോട്ട് പൊക്കോ. ഒന്നും പേടിക്കാനില്ല. ചില മൃഗങ്ങള്‍ കാണുമായിരുക്കും. കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാം കൂടി ഇരുട്ടിന്റെ മറയിലുള്ള വഴിയിലേക്ക് എടുത്തു ചാടി. ധൈര്യത്തിന്റെ കാര്യത്തില്‍ മുമ്പന്തിയില്‍ ആയിരുന്നതിനാല്‍ ഞാന്‍ ചാടിയില്ല. പകരം ചെല്ലപ്പന് ചേട്ടനോട് ചോദിച്ചു:
"മൃഗങ്ങള്‍ എന്ന് പറഞ്ഞാല്‍ എന്തൊക്കെ മൃഗങ്ങള്‍ ഹോഗുമായിരുക്കും? "
എന്റെ കന്നട കേട്ടിട്ടാണ് എന്ന് തോന്നുന്നു പന്തം കണ്ട പെരുച്ചാഴിയെ പോലെ ചെല്ലപ്പന് ചേട്ടന് എന്നെ നോക്കി.
"പിന്നെ കൂടെ ഉണ്ടായിരുന്ന കര്ണാടകക്കാരന് എന്റെ ചോദ്യത്തെ തര്‍ജമ ചെയ്തു.
"ആന.. കടുവ ..സിംഹം .. കരടി.. പുലി.. മാന്‍.. കാട്ടു പോത്ത് ..." ചെല്ലപ്പന് ചേട്ടന്റെ ലിസ്റ്റ് അവസാനിക്കുന്നില്ല.
പൊതു വിജ്ഞാനത്തില്‍ ഞാന്‍ പണ്ടേ പുലി ആയിരുന്നല്ലോ.. ഗുജറാത്തിലെ ഗീര്‍ വനങ്ങളില്‍ മാത്രം ആണ് സിംഹങ്ങള്‍ ഉള്ളത് എന്നാണു ഞാന്‍ കേട്ടിരിക്കുന്നത്. എന്റെ പിഞ്ചു മനസ്സിന്റെ സംശയം. എന്തായാലും ഇത്രയും ജന്തുക്കളുള്ള ഒരു കാട്ടിലേക്ക് ചെല്ലപ്പന് ചേട്ടന് ഇല്ലാതെ ഞാന്‍ പോകില്ല എന്നായി. അങ്ങനെ ചെല്ലപ്പന് ചേട്ടനും ഞങ്ങളോടൊപ്പം വന്നു. ആ യാത്രയെ കൂടെ ഉണ്ടായിരുന്നവര്‍ Awesome , Wonderful , Amazing അങ്ങനെ പദധാരകള് കൊണ്ട് വിശേഷിപ്പിച്ചു. സത്യം പറയാമല്ലോ എന്റെ കുലശേഖരമംഗലത്ത് കൂടി രാത്രിയില്‍ ഒറ്റയ്ക്ക് നടന്നാല്‍ അതില്‍ കൂടുതല്‍ ആസ്വാദ്യകരം ആകും എന്നാണ് എനിക്ക് തോന്നിയത്. അവിടെ എന്തുണ്ടായിരുന്നു എന്ന് എന്നോടു ചോദിക്കരുത്. ഞാന്‍ കുറച്ചു ഫോട്ടോസ് ഇടുന്നു. ഇതില്‍ നിന്നും നിങ്ങള്‍ക്ക് എന്തെങ്കിലും മനസ്സിലായിട്ടുണ്ടെങ്കില്‍ അത്രയും മാത്രമേ എനിക്കും മനസ്സിലായിട്ടുള്ളൂ.
മറന്നു പോയ ഒരു കാര്യം പറയട്ടെ. ഇതു ഷിമോഗയില്‍ നിന്നും യാനയിലെക്കുള്ള വഴി ആണ്. മോഷന്‍ സിക്ക് നെസ് എന്ന ഒരു രോഗം എനിക്ക് ഓര്മവെച്ച കാലം മുതല്‍ ഉള്ളതാണ്. പേരുകേട്ട് പേടിക്കേണ്ട. വണ്ടിയില്‍ ദീര്‍ഘ ദൂരം യാത്ര ചെയ്താല്‍ Chardikkum (ക്ഷമിക്കണം ഗൂഗിള്‍ ഇത് മര്യാദക്ക് തര്‍ജമ ചെയ്യുന്നില്ല.) അത്രേ ഉള്ളൂ. അത് കൊണ്ട് ദീര്‍ഘ യാത്രകളില്‍ എന്നോടൊപ്പം അവോമിന്‍ ഉണ്ടായിരിക്കും. ഉറക്കത്തില്‍ പൊതുവേ എന്നെ തോല്‍പ്പിക്കാന്‍ ആരും ഉണ്ടാവില്ല. പിന്നെ അവോമിന്‍ കൂടെ കഴിച്ചാല്‍ വയറിളക്കം പിടിച്ചവന് കൂഴച്ചക്ക കഴിച്ച പോലെയാവും, പ്രത്യേകിച്ചും കര്‍ണാടകയിലെ വരണ്ട കാഴ്ചകള്‍ എന്നെ ഉറക്കത്തിലേക്കു വളരെ വേഗം ആനയിച്ചു. ഇടയ്ക്കെപ്പോഴോ കണ്ണ് തുറന്ന എനിക്ക് പതിവ് പോലെ പെട്ടെന്ന് ഉറക്കത്തിലേക്കു വഴുതി വീഴാന്‍ കഴിഞ്ഞില്ല. എനിക്ക് ചിരപരിചിതമായ വെള്ളപ്പൂക്കള്‍ പടര്‍ന്നു പന്തലിച്ച കുറ്റിക്കാട്... ശരത് കാലത്തിന്റെ ആദ്യ ദിവസങ്ങളില്‍ വൈകി എത്താറുള്ള സായന്തനങ്ങളില്‍ ഞങ്ങള്‍ കളിവീട് ഉണ്ടാക്കിയിരുന്ന കമ്മ്യൂണിസ്റ്റ് പച്ചക്കൂട്ടത്തെ ഒരിക്കല്‍ കൂടി കണ്ടപ്പോള്‍ -- അതും എന്റെ നാട്ടില്‍ ഇനിന്നും ഒത്തിരി ദൂരെ ദൂരെ -- എന്റെ ഹൃദയത്തില്‍ നഷ്ടബോധം ഒരിക്കല്‍ കൂടി തലയുയര്‍ത്തി. കടും പച്ച നിറത്തിലെ പൂപ്പല്‍ ആവരണം ചെയ്ത ഓടുകള്‍ മേഞ്ഞ വീടുകളും കടകളും കൊല്ലത്തിലെ പഴയ പ്രൌഡി വിട്ടൊഴിയാന്‍ മടിക്കുന്ന ഏതോ പ്രധാനപാതയിലൂടെ ആണ് ഞങ്ങള്‍ യാത്ര ചെയ്യുന്നത് എന്ന് തോന്നിച്ചു. കാല് വെള്ളത്തിലിട്ടു താളം തല്ലാന്‍ പാകത്തില്‍ ചാഞ്ഞു വളര്‍ന്നു നില്ക്കുന്ന ആറ്റിന്വക്കത്തെ തെങ്ങിന് കൂട്ടം... പൂവിട്ടു തലയുയര്‍ത്തി നില്ക്കുന്ന കശുമാവിന് തോട്ടങ്ങള്‍.. നമ്മുടെ സ്വന്തം ചക്ക മരങ്ങള്‍ (പ്ലാവ്) .. പിന്നെ ഓരോ യാത്രയിലും എന്നെ കോരിത്തരിപ്പിക്കാറുള്ള ഇടുക്കിയിലെ ഉഷ്ണമേഖല മഴക്കാടുകള്‍...
നമ്മുടെ മാത്രം സ്വന്തം എന്ന് കരുതി ഞാന്‍ അഹങ്കരിച്ചിരുന്ന ദൃശ്യങ്ങള്‍ ഇവിടെ കണ്ടപ്പോള്‍ ഞാന്‍ അസൂയാലു ആയി. കാര്‍വാറിലെയും ഗോകര്ണയിലെയും വൃത്തിയുള്ള ബീച്ചുകള്‍ കൂടി കണ്ടപ്പോള്‍ എന്റെ അസൂയ ഇരട്ടിച്ചു. നമ്മുടെ കൊച്ചു കേരളത്തെ വെല്ലാന്‍ സ്ഥലങ്ങള്‍ വേറെയും ഉണ്ട് എന്ന് ഒരു സന്ദേഹം. (പക്ഷെ നിലാവിന് ചൂടാണ് എന്ന് ഭയന്ന് എന്നും ഒഴുകുന്ന മഞ്ഞു പുതച്ചുറങ്ങാറുള്ള വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍ ... ഇടുക്കിയുടെ ഘനഗംഭീരമായ കാനനസൌന്ദര്യം .. സാന്ദ്ര സംഗീതം പോഴിക്കാറുള്ള വയനാട്ടിലെ മുളങ്കാടുകളും വൈകി എത്താറുള്ള വസന്തന്തിനു മാറ്റ് കൂട്ടുന്ന വര്ണശലഭങ്ങളും ...മൂന്നാറിലെ തേയില തോട്ടങ്ങള്‍ക്ക് മീതെ ഒരിക്കലും തീരാത്ത കണ്ണീരിന്റെ നനവുമായി നില്ക്കാറുള്ള മേഘസുന്ദരി... എന്നും കാണാറുള്ള അസ്തമയത്തിന്റെ സുവര്‍ണപ്രഭയില്‍ ഉറങ്ങാന്‍ മടിക്കുന്ന കൊച്ചി .. നിലാവില് നിശ്ചലമാകുന്ന കുട്ടനാടിന്റെ കായല്‍ .. ഇതിനെ ഒക്കെ വെല്ലുന്ന ഒരു കാഴ്ചയും ഇതുവരെ എന്റെ മനസ്സില്‍ പതിഞ്ഞിട്ടില്ല. )
യാനയ്ക്ക് ശേഷം ഞങ്ങള്‍ കാര്‍വാറിലെത്തി. രാത്രിയായിരുന്നു.. ഹോട്ടല്‍ എല്ലാം ഫുള്‍ ആയിരുന്നു. ഒടുവില്‍ ഒരു റിസോര്‍ട്ട് ആണ് കിട്ടിയത്. അവിടെ രാത്രി ചെലവഴിക്കാനുള്ള സമ്പാദ്യം ഞങ്ങള്‍ക്കില്ലായിരുന്നു. അത് കൊണ്ട് ഞങ്ങളുടെ പെണ് പ്രജകള്‍ക്കു മാത്രം അവിടെ റൂം എടുത്തിട്ടു ഞങ്ങള്‍ ടാഗോര്‍ ബീച്ചിലേക്ക് പോയി. അന്നത്തെ രാത്രി ബീച്ചിന്റെ തീരത്തായിരുന്നു. സത്യം പറഞ്ഞാല്‍ കടലിന് എന്റെ മനസ്സില്‍ ഒരു വില്ലന്‍ പരിവേഷം ആണ്. അത് കൊണ്ടു കടലിന് എന്നില്‍ romantic ഭാവങ്ങളൊന്നും വിടര്‍ത്താന്‍ കഴിയാറില്ലായിരുന്നു. പക്ഷേ രാത്രിയില്‍ ടാഗോര്‍ ബീച്ച് സുന്ദരി ആയിരുന്നു.
പക്ഷേ രാത്രിയില്‍ കടല്‍ത്തീരത്ത് കഴിയുന്നത് അത്ര സുന്ദരം ഒന്നും അല്ല. കൂടെ ഉള്ളവര്‍ കൊതുകിനെ നേരിടാന്‍ ക്യാമ്പ് ഫയര്‍ നെ അഭയം തേടിയപ്പോള്‍ കൊച്ചിയിലെ കൊതുകുകളുമായുള്ള സഹവാസം നല്കിയ പ്രതിരോധ ശക്തിയില്‍ ഞാന്‍ സുഖ സുഷുപ്തിയിലാണ്ടു.
യാത്രയുടെ രണ്ടാം ദിവസം തികച്ചും മനോഹരം ആയിരുന്നു. കാര്‍വാറിലെ ദേവ്ബാഗ് ബീച്ചിലാണ് ഞങ്ങള്‍ ആദ്യം പോയത്. വളരെ വൃത്തിയുള്ള ഒരു ബീച്ച്. വളരെ പ്രഫുല്ലമായ ഒരു പ്രഭാതം ഞങ്ങള്‍ അവിടെ ആഘോഷിക്കുക ഉണ്ടായി. കുറച്ചു ചിത്രങ്ങള്‍...
അതിനു ശേഷം വൈകുന്നേരം ഞങ്ങള്‍ ഗോകര്‍ണയില്‍ എത്തി. സായന്തനം എവിടെയും സുന്ദരം ആണ്. അത് ഗോകര്‍ണ പോലെയുള്ള ഒരു അതീവ മനോഹരമായ സ്ഥലത്താകുംപോഴോ?
.. അതിസുന്ദരം. അങ്ങനെ ഒറ്റ വാക്കില്‍ ഇതിനെ ഒതുക്കാനാവില്ല. ഗോകര്‍ണയിലെ ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, paradise ബീച്ച് ഈ തീരങ്ങിലൂടെ ഒരു ബോട്ട് യാത്ര ഉണ്ട്. ഞങ്ങള്‍ സര്‍വവും മറന്നു ആനന്ദത്തില്‍ കൂകി വിളിച്ച സന്ദര്‍ഭങ്ങളായിരുന്നു അത്. അര്‍ദ്ധനഗ്നരായ (വാക്കുകളില്‍ മാത്രം) ദേശി വിദേശി സുന്ദരിമാരെ ശ്രദ്ധിക്കാന്‍ അനുവദിക്കാതെ നമ്മുടെ ദൃഷ്ടി മുഴുവന്‍ തങ്ങളിലേക്ക് ആവാഹിക്കുന്ന പ്രകൃതി രമണീയത. മലകളും കടല്‍തീരവും ചേര്‍ന്നൊരുക്കുന്ന അപൂര്‍വ ദൃശ്യ ഭംഗി. ഒപ്പം അസ്തമയ സൂര്യന്റെ രാഗ ചാരുത, അതില്‍ നൃത്തം വെക്കുന്ന ഡോള്‍ഫിന്‍ മിഥുനങ്ങള്‍. മുകളിലും താഴെയും നക്ഷത്രങ്ങള്‍ മത്സരിച്ചു വിരിഞ്ഞു നിന്നു. ഇതാണോ പരമാനന്ദം എന്ന് വിശേഷിപ്പിക്കുന്ന മുഹൂര്‍ത്തം? അറിയില്ല. പക്ഷേ ഞങ്ങള്‍ക്ക് അന്ന് തന്നെ മടങ്ങണമായിരുന്നു. (ഇതാണ് ഈ പെണ്‍വര്‍ഗത്തെ കൂടെ കൂട്ടിയാലുള്ള കുഴപ്പം) . ഇനിയും പോകണം.. താമസിക്കണം.. ഒപ്പം നമ്മള് ഏറ്റവും അധികം സ്നേഹിക്കുന്ന .. നമ്മളെ ഏറ്റവും അധികം സ്നേഹിക്കുന്ന ആളും വേണം. സ്നേഹത്തിനു നല്കാന് ഇതിനേക്കാള്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിരളമായിരിക്കും. അമൂല്യരത്നങ്ങളെക്കാള് സ്നേഹത്തിന്റെ മുമ്പില്‍ എന്നും വില അനര്‍ഘ നിമിഷങ്ങള്‍ക്ക് തന്നെ ആയിരിക്കും!