Saturday, September 20, 2008

"എനിക്കും 'വെള്ളവടിക്കണം'"

എന്‍റെ ഏകാന്ത വാസം തുടങ്ങിയതിനു ശേഷം ഇതുവരെ ഞാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത ഒരു കാര്യത്തിനു വേണ്ടി മനസില്‍ ഭയങ്കര അഭിവാച്ഛ ആണ്. മറ്റൊന്നും അല്ല. 'വെള്ളവടിക്കണം' എന്ന് അതി ഭീമമായ ഒരു ത്വര. ഞാന്‍ പറയുന്നതു വെള്ളമടിക്കുക എന്നല്ല എന്നും വെള്ളവടിക്കുക എന്നാണെന്ന് കണ്ടെത്തിയത് എന്‍റെ എം സി എ സഹപാഠി ആണ്. 'സ്നേഹത്തിന്‍റെ പര്യായം' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരുത്തന്‍. പക്ഷെ ഒരു കുഴപ്പം മാത്രം സ്നേഹം കൂടിയാല്‍ ശരീരത്ത് നിന്നും മാംസം കടിച്ചു തിന്നുന്ന തികഞ്ഞ മാംസഭുക്കായി മാറും കക്ഷി. 'വെള്ളവടിക്കുക' മാത്രം അല്ല ഞാന്‍ 'മ' ഉപയോഗിക്കേണ്ട പല സ്ഥലത്തും 'വ' ആണ് ഉപയോഗിക്കുന്നത് എന്നും അവന്‍ കണ്ടെത്തി. അത് പോട്ടെ പ്രശ്നം വേറെ ആണ്. എനിക്ക് വെള്ളവടിക്കണം. പക്ഷെ ചില പ്രതിബന്ധങ്ങള്‍ ഉണ്ട്. എനിക്ക് ഇപ്പോള്‍ ഇവിടെ ചോദിയ്ക്കാന്‍ ആരും ഇല്ല. ഞാന്‍ പറഞ്ഞല്ലോ, ഇപ്പോള്‍ ഞാന്‍ ഏകാന്ത വാസത്തിലാണ്. ഞാന്‍, എനിക്ക് വെള്ളവടിക്കണം എന്ന ആഗ്രഹത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, പിന്നെ അത് നടപ്പിലാക്കുന്നതിനുള്ള പ്രതിബന്ധങ്ങളും വിവരിക്കാം. നിങ്ങള്‍ ആരെങ്കിലും ഒരു മറുപടി തന്നു സഹായിക്കും എന്ന് കരുതുന്നു.
സാഹചര്യങ്ങള്‍
1. ഞാന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസം. ജീവിതത്തില്‍ ആദ്യമായാണ് ഒറ്റയ്ക്കുള്ള താമസം ആസ്വദിക്കുന്നത്.

2. ഇത്രയും നാള്‍ ഞാന്‍ എന്ത് കൊണ്ടു മദ്യപിച്ചില്ല എന്ന ചോദ്യത്തിന് എന്‍റെ കയ്യില്‍ വ്യക്തമായ ഉത്തരം ഇല്ല. 'വെള്ളവടിക്കണം' എന്ന് തോന്നിയിട്ടില്ല. 'മദ്യപാനന്‍' മാരുടെ സമൂഹത്തോടൊപ്പം എന്‍റെ എം സി ഇ പഠനം പൂര്‍ത്തിയാക്കി എങ്കിലും അന്നൊന്നും തോന്നാതിരുന്ന ആഗ്രഹം ഇപ്പോള്‍ ആണ് തോന്നുന്നത്. ഒരു പക്ഷേ വീട്ടുകാരോടുള്ള പ്രതിപത്തി ആയിരുന്നിരിക്കാം. അവര്‍ പഠിപ്പിക്കാന്‍ തന്നെ വളരെ കഷ്ടപ്പെടുന്നു. അതിന്‍റെ കൂടെ ഞാന്‍ ഇങ്ങനെയും പൈസ ചെലവഴിച്ചു അവരെ സഹായിക്കണോ? എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെ അല്ല. സ്വന്തമായി സോഫ്റ്റ്‌വെയര്‍ സൃഷ്ടിച്ചു പൈസ സമ്പാദിക്കുന്നു. അതില്‍ നിന്നും കുറച്ചു വെള്ളവടിക്കുന്നതിലേക്ക് വേണ്ടി നീക്കി വെക്കുന്നതില്‍ തെറ്റുണ്ടോ? അതും ഒരു കാമുകി പോലും ഇല്ലാത്ത ഇപ്പോഴത്തെ ജീവിതത്തില്‍? കാമുകിയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് മറ്റൊരു കാര്യം ഓര്‍ത്തത്‌. "സത്യം" പുതിയ ജോലിക്കാരെ തേടി നമ്മുടെ നാട്ടില്‍ എത്തിയപ്പോള്‍ അവര്‍ പൊതു ചര്‍ച്ചക്ക് നല്കിയ വിഷയം ഇതായിരുന്നു. കാമുകി അല്ലെങ്കില്‍ മദ്യം ഏതാണ്‌ കൂടുതല്‍ ഉചിതം? എന്‍റെ 'മഹാനായ ഒരു സുഹൃത്ത്' അതില്‍ മദ്യത്തിനു വേണ്ടി ശക്തിയുക്തം വാദിച്ചു. വാദിച്ചു എന്നല്ല ഏകനായി പൊരുതി എന്നാണ് പറയേണ്ടത്. ഇത്തരം സുഹൃത്തുക്കളുടെ ഇടയില്‍ ഞാന്‍ മാത്രം തല തിരിഞ്ഞു പോയോ എന്ന് എനിക്ക് ഒരു ചെറിയ സംശയം. അത് കൊണ്ടു തല നേരെ ആക്കാന്‍ ഇപ്പോഴും സമയം ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചു തുടങ്ങി (പക്ഷേ ആ ജി ഡി യില്‍ എന്‍റെ സുഹൃത്തിനെ മാത്രം അവര്‍ നിഷ്കരുണം പുറത്താക്കി എന്നതും ചരിത്രം. അതും 'സംസാരിച്ചു അവനോടു ജയിക്കാന്‍ ഈ ഭൂലോകത്ത് തന്നെ ആരും ഇല്ല' എന്ന ഞാന്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ ക്ലാസ്സിന്‍റെ വിശ്വാസത്തെ കാറ്റില്‍ പറത്തികൊണ്ട്.)
3. മൂന്നാമത്തേത് വളരെ സ്ട്രോങ്ങ്‌ ആയ കാരണം ആണ്. ഞാന്‍ ഒരു സാഹിത്യകാരന്‍ അല്ലെങ്കില്‍ കലാകാരന്‍ അകേണ്ടിയിരുന്ന ആള് ആണ്. സമയവും സാഹചര്യവും എന്നെ പ്രോഗ്രാമിങ്ങ്‌ ന്‍റെ ഊഷര ഭൂമിയിലേക്ക് നയിച്ചു. പക്ഷേ ഇപ്പോഴും സമയം വൈകി ഇല്ല എന്ന് ഒരു തോന്നല്‍. പൊതുവെ എനിക്ക് അറിയാവുന്ന പ്രശസ്ത കലകാരന്മാരൊക്കെ അല്പം കാര്യമായിട്ട് വീശുന്നവരാണ്. പിന്നെ ഒരു സാഹിത്യ ബുദ്ധി ജീവിയുടെ ലക്ഷണത്തിനും മദ്യം അനിവാര്യം ആണ് എന്ന് തോന്നി തുടങ്ങി.
4. എന്‍റെ ശരീരത്തില്‍ വേണ്ടത്ര കലോറി എത്തുന്നില്ലേ എന്നൊരു സംശയം. മദ്യത്തില്‍ കലോറികള്‍ ഉണ്ടെന്നു ഞാന്‍ എവിടെയോ കേട്ടിരിക്കുന്നു. അതുകൊണ്ട് ആഹാരത്തിലൂടെ വേണ്ടത്ര കലോറികള്‍ സ്വീകരിക്കാത്ത എന്‍റെ ശരീരത്തിന് മദ്യത്തിലൂടെ കുറച്ചു കലോറി കൊടുത്താലോ എന്നൊരു ആശയം???
5. മദ്യം സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ആണ് എന്‍റെ 'മഹാനായ സുഹൃത്തിന്‍റെ' വാദം. എന്നാല്‍ കുറച്ചു സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിച്ചാലോ എന്ന് ഞാനും.
അപ്പോള്‍ എന്‍റെ ആഗ്രഹത്തിന് നിദാനമായ ഘടകങ്ങള് ഞാന്‍ നിരത്തി. ഇനി അതിന്‍റെ ചില പ്രതിബന്ധങ്ങള്‍
1. വെള്ളവടിക്ക് ഒരു സമൂഹം വേണം എന്നാണ് എന്‍റെ കാഴ്ചപ്പാട്. ഞാനിപ്പോള്‍ എങ്ങനെ ഒരു സമൂഹത്തെ സൃഷ്ടിക്കും? ഞാനിപ്പോള്‍ ഒറ്റയ്ക്കാണല്ലോ?
2. ഞങ്ങളുടെ 'പ്രിയപ്പെട്ട മച്ചാന്‍' ഒരിക്കല്‍ വാഗമണില്‍ വെച്ചു വെള്ളവടിച്ചു വീര്‍ത്ത ചരിത്രം എനിക്ക് ഓര്‍മയുണ്ട്. എന്‍റെ മുഖത്തിനാണെങ്കില്‍് ചില മരുന്നുകള്‍ ഉള്ളില്‍ ചെന്നാല്‍ വീര്‍ക്കാനുള്ള പ്രേരണ ഉണ്ട്. അന്ന് 'പ്രിയപ്പെട്ട മച്ചാന്‍' വീര്‍ത്തപ്പോള്‍ ടെന്‍ഷനടിച്ചു സിഗരറ്റുകള്‍ ഒന്നൊന്നായി വലിച്ചു തള്ളിയ സുഹൃത്ത് ഇപ്പോള്‍ ഓസ്ട്രേലിയ യില്‍ ആണ്. ഞാന്‍ എങ്ങാന്‍ വീര്ത്താല്‍് ഇവിടെ ടെന്‍ഷന്‍ അടിക്കാന്‍ പോലും ആരും തല്ക്കാലം ഇല്ല സാരം
3. ഇനി ഇപ്പോള്‍ എവിടെയെങ്കിലും ചെന്നു അടിച്ചാലോ എന്ന് വിചാരിച്ചപ്പോള്‍ വീണ്ടും പ്രശ്നം. നമ്മുടെ തളത്തില്‍ ദിനേശന് പറ്റിയ പോലെ പറ്റരുത്‌ അല്ലോ? ഞാന്‍ അവിടെ ചെന്നു എന്താ ചോദിക്കുക? റം വിസ്കി വോഡ്ക തുടങ്ങിയ ചില കോമണ്‍ പദങ്ങള്‍ അറിയാം എന്നല്ലാതെ ഇതില്‍ അതിനപ്പുറം ഉള്ള സാങ്കേതിക പദ ജ്ഞാനം ഇല്ല. അവിടെ ചെന്നു നാണം കെടരുതല്ലോ? വോഡ്കയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് ചില കാര്യങ്ങള്‍ ഓര്‍മ വന്നത്.നേരത്തെ എനിക്ക് വലിയ ആരാധന ആയിരുന്നു ഈ വസ്തുവിനോട്. റഷ്യയിലെ ബുദ്ധി ജീവികളൊക്കെ ഇതു കുടിച്ചാണ് വളര്‍ന്നതത്രേ. പക്ഷേ ഞാന്‍ കണ്ടിട്ടുള്ള വോഡ്ക കുടിയന്‍ മാരൊക്കെ എന്നേക്കാള്‍ 'വലിയ' മണ്ടന്മാരായിരുന്നു. അത് കൊണ്ടു വോട്കയോടുള്ള ആരാധന കുറഞ്ഞു കിട്ടി. ഇനിയുള്ള ഒരു മാര്‍ഗം കടയില്‍ ചെല്ലുക. കുപ്പിയോടെ വാങ്ങുക. വീട്ടില്‍ ചെന്നു അല്പാല്പമായി അടിക്കുക. ഈ അല്പാല്പത്തിന്‍റെ കോമ്പിനേഷന്‍ ഒന്നും ഒരു പിടിയും ഇല്ല.
4. തൊട്ടതിനും പിടിച്ചതിനും ഒക്കെ വാളിലൂടെ പ്രതികരിക്കുന്ന എന്‍റെ ശരീരം മദ്യ സുഹൃത്തിനെ എങ്ങനെ സ്വീകരിക്കും എന്ന സന്ദേഹം ഉണ്ട്. ഓടിയാല്‍ വാള്‍ ബസില്‍ കയറിയാല്‍ വാള്‍ ജിമ്മില്‍ പോയാല്‍ വാള്‍ .... അതുകൊണ്ട് മദ്യ സുഹൃത്തിന്‍റെ സന്തത സഹചാരിയെ എന്‍റെ ശരീരവും യാതൊരു പ്രതിക്ഷേധവും കൂടാതെ സ്വീകരിക്കും എന്നാണു തോന്നുന്നത്.
ഞാന്‍ ഇത്രയൊക്കെ പറഞ്ഞല്ലോ അതുകൊണ്ട് വിവരമുള്ളവര്‍ ആരെങ്കിലും കുറച്ചു ഉപദേശം തന്നു സഹായിക്കോഓഓഓഒ...............................

7 comments:

Anonymous said...

FIRST COMMENT AWARD എനിക്കു വേണം....

തന്നേതീരൂൂൂൂൂ....തന്നേതീരൂൂൂൂൂ...തന്നേതീരൂൂൂൂൂ.....

Anonymous said...

ഹോ..... പറയുന്നത്‌ കേട്ടാല്‍ ഉപദേശത്തിന്റെ ഒറ്റ കുറവ്‌ കൊണ്ടാണു പണ്ടേ ചീത്തയായത്‌ എന്നത്‌ പോലെയുണ്ട്‌...

കുടിക്കൂൂൂൂൂ....കുടിച്ചു വാളുവെച്ചു... ആര്‍മാദിക്കൂൂൂൂ.... ....

എങ്ങാനും ഒരു കാമുകി ജീവിതത്തിലേക്ക്‌ വരുമ്പോള്‍ കരളും ശ്വസകോശവും ഹൃദയവുമൊക്കെ അടിച്ചു പോയി മൂക്കില്‍ പഞ്ഞിയും വെച്ചു സ്വീകരിക്കാം...

എങ്ങനെ ഉണ്ട്‌ എന്റെ ഐഡിയ?????? :D

...

താങ്കളുടെ ജീവിതം താങ്കള്‍ തന്നെയണു എങ്ങനെ വേണം എന്നു തീരുമാനിക്കേണ്ടത്‌.... എല്ലത്തിനും ഒരു limit വേണം എന്നു മാത്രം....

Nice post....

Tin2
:D

ബാബുരാജ് said...

വെള്ളവടിക്കണമെങ്കില്‍ അടിക്കണം മാഷേ. അടിച്ചു മതിയാകുമ്പം നിര്‍ത്തണം. അടി തുടങ്ങുന്നതിനേക്കാള്‍ എളുപ്പമാ നിര്‍ത്താന്‍. ഞങ്ങളൊക്കെ കൂള്‍ കൂളായി എത്ര തവണ നിര്‍ത്തിയിരിക്കുന്നു.
ചീയേര്‍സ്‌.

സ്‌പന്ദനം said...

വേണ്ട മാഷേ വേണ്ട. എന്തിനാണ്‌ മനുഷ്യനെ നായക്കെക്കാളും തരംതാഴ്‌ത്തുന്ന ഈ 'കലാപരിപാടി'.
(എന്റെ അഭിപ്രായമാണ്‌. സ്വീകരിക്കാം തള്ളാം..പക്ഷേ ചോദ്യം ചെയ്യരുത്‌)

മുക്കുവന്‍ said...

its not difficult to start. but if you take too much you lose control slowly and never able to stop it later.

so control yourself.

Jithin Babu said...

Dialog of the srishti :"നേരത്തെ എനിക്ക് വലിയ ആരാധന ആയിരുന്നു ഈ വസ്തുവിനോട്. റഷ്യയിലെ ബുദ്ധി ജീവികളൊക്കെ ഇതു കുടിച്ചാണ് വളര്‍ന്നതത്രേ. പക്ഷേ ഞാന്‍ കണ്ടിട്ടുള്ള വോഡ്ക കുടിയന്‍ മാരൊക്കെ എന്നേക്കാള്‍ 'വലിയ' മണ്ടന്മാരായിരുന്നു. അത് കൊണ്ടു വോട്കയോടുള്ള ആരാധന കുറഞ്ഞു കിട്ടി."

Unknown said...

അടി തുടങാനെളുപ്പം
മടി കാലിയാകാനെളുപ്പം
അടി തെറ്റാനെളുപ്പം
വെടി തീരാനെളുപ്പം...

അനിയാ.....വേണോ..??