Wednesday, May 6, 2009

മേഘങ്ങളോടൊപ്പം .... ഇത്തിരി നേരം

കേവലം അഞ്ചക്ഷരങ്ങള്‍ക്ക് ജീവിതത്തില്‍ ഇത്രയും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന് പി എം വി ഒരിക്കലും ചിന്തിച്ചു കാണില്ല. മാല്‍്ഗുഡി ധാബയിലെ വെടിവട്ടങ്ങള്‍ക്കിടയിലാണ് പൊങ്കലിന് അവന്‍ വീട്ടില്‍ പോകുന്നുണ്ടെന്നും "നീ വരുന്നുണ്ടോ" എന്ന് ചോദിക്കുന്നതും. എന്നെ അറിയാവുന്ന ആരും ഉറക്കത്തില്‍ പോലും ചോദിക്കാത്ത ചോദ്യം, ബുദ്ധിയും വിവേചന ശക്തിയും ഉണ്ട് എന്ന് ഞാന്‍ കരുതുന്ന അവനില്‍ നിന്നും എങ്ങനെ വീണു എന്നെനിക്കറിയില്ല.

ഞാന്‍ അവനോടൊപ്പം വയനാട്ടിലേക്ക് തിരിക്കുന്നതിന്‍റെ തലേ ദിവസം വരെ അവനെ കൊണ്ട് ആവും വിധം അവന്‍ തോളിലേറ്റിയ പാമ്പിനെ ഇറക്കാന്‍ ശ്രമിച്ചിരുന്നു. ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടില്ലത്രേ.... ചെലപ്പോള്‍ വോള്‍വോ ആവില്ല... പുഷ് ബാക്ക് കിട്ടില്ല ... ഗത്യന്തരമില്ലാതെ, നിക്കേണ്ടി വരും എന്നുവരെ അവന്‍ പറഞ്ഞു നോക്കി. വയനാട് കാണുക എന്ന ആവശ്യം അവന്‍റെ അല്ലല്ലോ? എന്‍റെ അല്ലേ? പൊതുവേ മണ്ടനാനെങ്കിലും ഇവിടെ ഞാന്‍ തകര്‍ത്തഭിനയിച്ചു കളഞ്ഞു. അവന്‍ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല. നടന്നാണേലും നമുക്ക് പോകാം എന്ന് ഞാനും. (ങ്ഹും.. മൂന്നു വര്‍ഷം മൂന്നു കിലോ മീറ്റര്‍ നടന്നും മൂന്ന് ബസും പിന്നെ വേമ്പനാട്ടു കായല്‍ കുറുകെ കടക്കാന്‍ ബോട്ടും. അങ്ങനെ നിഷ്കളങ്കമായ ആലപ്പുഴയില്‍ പഠിച്ച എന്നോടാ കളി, ബസ്സില്‍് നിക്കണം പോലും ) .
വയനാട്ടില്‍് ആന കണ്ടത്തില്‍ ഇറങ്ങുന്നുണ്ട് എന്ന പത്രവാര്‍ത്ത അവന്‍ എന്നെ കാണിച്ചു. പിന്നെ അത് അവന്‍റെ വീടിന്‍റെ തൊട്ടടുത്താണ് എന്നും സ്ഥാപിച്ചു. അവിടെയും ഞാന്‍ വലിയ മണ്ടനാണെന്ന് നടിച്ചു. എനിക്കൊന്നും മനസ്സിലാകില്ല (സ്കൂളിന്‍റെ അടുത്തുള്ള അമ്പലത്തില്‍ ഉത്സവം വരുമ്പോള്‍ ഞാന്‍ സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കാരണം എന്തെന്ന് ഊഹിക്കാമല്ലോ? ). അങ്ങനെ എന്നെ കൊണ്ടുപോകാതിരിക്കാനുള്ള പി എം വി യുടെ എല്ലാ അടവുകളും എന്‍റെ മുന്നില്‍ നിഷ്പ്രഭമായി.


സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്നത്‌ വരെ ഞാന്‍ ഒന്നും പ്രത്യേകിച്ചു അറിയുന്നുണ്ടായിരുന്നില്ല. പാതി മയക്കത്തിലും, ഗാഢനിദ്രയിലും ഒക്കെ ആണ് അവിടെ എത്തിയത്. അവിടുന്നു അങ്ങോട്ട്‌ എനിക്ക് ഉറങ്ങാന്‍ പോയിട്ട് കണ്ണ് ചിമ്മാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. മൂന്ന് വര്‍ഷം ഒരുമിച്ചു പഠിച്ചിട്ടും അവന്‍ ഞങ്ങളെ ആരെയും അവന്‍റെ നാട് കാണിച്ചിട്ടില്ല. ആന, കടുവ എന്നൊക്കെ പറഞ്ഞ് അവന്‍ ഞങ്ങളെ പേടിപ്പിച്ചു. പക്ഷേ ബത്തേരിയില്‍ എത്തിയ നിമിഷം ഞാന്‍ ആ ചരിത്ര സത്യം കണ്ടെത്തി. അവന്‍ എന്തിനു ഞങ്ങളെ തടഞ്ഞു എന്ന്. സുന്ദരികള്‍ ... ബസ്സില്‍ നിന്നിറങ്ങുന്ന സുന്ദരികള്‍... ബസ്സില്‍ കയറുന്ന സുന്ദരികള്‍.. റോഡിലൂടെ നടക്കുന്ന സുന്ദരികള്‍... അങ്ങനെ ആകെ സൌന്ദര്യമയം (ഒരു പക്ഷേ ഞങ്ങളുടെ ആരുടെയെങ്കിലും ദൃഷ്ടി പതിഞ്ഞാല്‍ തന്നെ അവര്‍ കളങ്കപ്പെടുമെന്ന് അവന്‍ ചിന്തിച്ചു കാണും.). ഹമ്മേ .. വയനാട് എന്നാല്‍ കൊറെ കുറിച്ച്യരും കുറുമരും ഒക്കെ ഉള്ള നാട് മാത്രം ആണെന്നായിരുന്നു എന്‍റെ വിശ്വാസം. അവനെ കണ്ടപ്പോള്‍ ആ വിശ്വാസം ഉറപ്പിക്കുകയും ചെയ്തിരുന്നതാണ് (രൂപത്തിലല്ലെങ്കിലും സ്വഭാവത്തിലെങ്കിലും) . സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്കും അവിടെ നിന്നും അവന്‍റെ വീട്ടിലും എത്തി. ആ യാത്രയില്‍ ആണ് ആദിവാസികളെ ഞാന്‍ നേരിട്ട് ആദ്യമായി കാണുന്നത്. പിന്നെ ബസ്‌ യാത്രയുടെ സുഖം ഒരിക്കല്‍ കൂടി അനുഭവിക്കുന്നതും. എ സി ബസ്സില്‍ പുതച്ചു മൂടിയുള്ള യാത്രയേക്കാള്‍ എത്രയോ മനോഹരം ആണ് നാവില്‍ പൊടിയുടെ സ്വാദറിഞ്ഞു, സുഖ ശീതളമായ കാറ്റിനെ പുണര്‍ന്നു കൊണ്ട് പ്രൈവറ്റ് ബസ്സിലുള്ള യാത്ര.

പി എം വിയുടെ നാട്: പ്രശാന്തതയുടെ ഗ്രാമം. അവിടെ മനുഷ്യനിര്‍മിതമായ വസ്തുക്കള്‍ ഉണ്ടാക്കുന്ന യാതൊരു ശബ്ദവും ഇല്ലായിരുന്നു. അവന്‍റെ നാട്ടില്‍ തൊടിയല്ല ഉള്ളത്, പകരം ഇടതൂര്‍ന്നു വളരുന്ന ചെടികളും മരങ്ങളും. ഒരു ചെറിയ കാട് എന്ന് വേണമെങ്കില്‍ പറയാം. ഓറഞ്ച് മുന്തിരി അങ്ങനെ മിക്കവാറും എല്ലാ ഫലങ്ങളും ഞാന്‍ ഞെട്ടറ്റാതെ ഞാന്‍ അവിടെ കണ്ടു.




വള്ളിയൂര്‍ക്കാവ് ഉത്സവം ആയിരുന്നു അന്ന് വൈകുന്നേരം അജണ്ട. അവിടെയും കാണാമായിരുന്നു തെക്കും വടക്കും തമ്മിലുള്ള അന്തരം. ആനയും അമ്പാരിയും ഒന്നും കാണുന്നില്ല. വിശാലമായ മൈതാനം നിറയെ ജെയിന്റ്റ് വീല്‍, മരണക്കിണര്‍ തുടങ്ങിയ സാധനങ്ങള്‍.

തിരികെ പി എം വി യുടെ വീട്ടിലേക്കുള്ള മടക്കം. ഒപ്പം അവന്‍റെ കൂട്ടുകാരനും ഉണ്ട്. കൂട്ടുകാരന്‍റെ കൈവശം നല്ല പവര്‍ ഉള്ള ഒരു ടോര്‍ച്ച്‌ ഉണ്ട്.
'ഭാഗ്യം! ഇനി വല്ല പാമ്പിനെയും, അത് വളരെ ചെറുതായിരുന്നാല്‍ കൂടി, വളരെ അകലെ നിന്നെ കണ്ടു പിടിക്കാമല്ലോ? ' ഞാന്‍ ചിന്തിച്ചു.
"പാമ്പോ? ഇത് അതിനൊന്നും അല്ല. വല്ല ഒറ്റയാനും വഴിയില്‍ നിന്നാല്‍ തട്ടി വീഴാതിരിക്കാനാ. "മറുപടി എന്നെ അല്പം ഭയപ്പെടുത്തിയോ?
'ഒറ്റയാനോ? ഓ.. എന്നെ പറ്റിക്കുവായിരുക്കും.' അല്ല തീര്‍ച്ചയായും അല്ല.
പിന്നെ എങ്ങനെയെങ്കിലും വീടെത്തിയാല്‍ മതി എന്നായി ചിന്ത. കൂട്ടത്തില്‍ ഒറ്റയാന്‍ വന്നാല്‍ എങ്ങോട്ട് ഓടണം എന്ന് ഞാന്‍ ഇരു വശങ്ങളിലേക്കും നോക്കി കൊണ്ടിരുന്നു. അപ്പോഴാണ്‌ ചെറിയൊരു പ്രതിസന്ധി ഞാന്‍ കാണുന്നത്. എല്ലാ വേലികളും കമ്പി കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഓടി അകത്തു കയറാന്‍ വലിയ ബുദ്ധിമുട്ടാന്.
എനിക്ക് വീണ്ടും കൌതുകം. "ഇവിടെ എന്നാ കമ്പിക്കൊക്കെ ഇത്ര വിലക്കുറവാണോ? "
മറുപടി: "അത് കൊണ്ടൊന്നുമല്ല. അത് വൈദ്യുതി പ്രവഹിക്കുന്നതാണ്. ആന കയറാതിരിക്കാനാണ്". അവശേഷിക്കുന്ന ധൈര്യവും ചോര്‍ന്നോ എന്ന് സംശയം. ഒരാന വന്നാല്‍ പുറകോട്ടു ഓടാം. രണ്ടാന എങ്ങാനും പുറകിലും മുമ്പിലും നിന്ന് വന്നാല്‍, കഥ കഴിഞ്ഞത് തന്നെ. രണ്ടാന വരരുതേ എന്ന് മാത്രം പ്രാര്‍ഥിച്ചു കൊണ്ടു ഞാന്‍ അവശേഷിക്കുന്ന ദൂരം താണ്ടി.
അത്താഴത്തിന്‍റെ സമയം. കൈ കഴുകാന്‍ വെള്ളം തന്നു. ഞാന്‍ മര്യാദയുടെ മനുഷ്യ രൂപം ആയി മാറി. മുറ്റത്ത്‌ വെള്ളം വീഴിക്കാതെ ദൂരെ മാറി വേലിക്കല്‍ നിന്ന് കൈ കഴുകാന്‍ തുടങ്ങി. "മോനേ, ഇവിടെ പടിയില്‍ നിന്നു കഴുകിക്കോ. "'ഹോ! എന്തു സ്നേഹം ഉള്ള വീട്ടുകാര്‍. ' ഞാന്‍ ചിന്തിച്ചു. "ആന ഇറങ്ങിയിട്ടുണ്ടായിരുന്നു. ഇന്നലെ കണ്ടത്തില്‍ വന്നിരുന്നു." സ്നേഹ പ്രകടനത്തില്‍ മറഞ്ഞിരുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത് അപ്പോഴാണ്‌. (പക്ഷേ പറയാതെ വയ്യ. എനിക്കവിടെ കിട്ടിയ സ്നേഹവും, ശ്രദ്ധയും, അവിടം വിടുമ്പോള്‍ എന്നില്‍ സുഖമുള്ള ഒരു നോവായി അത് അവശേഷിച്ചിരുന്നു. )

പിറ്റേ ദിവസം, ചെമ്പ്ര പീക്ക് ആണ് ഞങ്ങളുടെ ലക്‌ഷ്യം. ഞാനും പി എം വിയും പ്രശാന്തും കല്പറ്റയിലേക്കും അവിടെ നിന്നും ചെമ്പ്രയ്ക്കും യാത്രയായി. ഓട്ടോയില്‍ ചെമ്പ്ര പീക്കിന്‍റെ അടിവാരത്തിലേക്ക് നീങ്ങുമ്പോള്‍ തന്നെ പ്രകൃതിസൌന്ദര്യത്തിന്‍റെ ലാച്ഛനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തേയിലത്തോട്ടം, എവിടെയാണെങ്കിലും അത് അതിമനോഹരം ആണ്. ചെമ്പ്ര പീക്കിലേക്കുള്ള ട്രെക്കിംഗ് തുടങ്ങുന്നത് അവിടെ നിന്നാണ്. നേരം ഉച്ചയോടടുക്കുന്നു. മല കയറ്റം കുറച്ചു ബുദ്ധിമുട്ടായി തോന്നി, ആ വെയിലത്ത്‌. കുറച്ചു കൂടി നേരത്തെ കയറി തുടങ്ങാമായിരുന്നു. ഓരോ മല കാണുമ്പോഴും ഇതാണ് ഞങ്ങളുടെ ലക്‌ഷ്യം എന്ന് കരുതി ഞങ്ങള്‍ സമാധാനിച്ചിരുന്നു. അങ്ങനെ കയറി കയറി, എന്നെ വളരെ അധികം ആവേശ ഭരിതനാക്കാന്‍ തുടങ്ങിയ ആദ്യത്തെ താഴ്വരയിലെത്തി. അവിടെ ഒരു 'പ്രണയസരസ്സും' ഉണ്ടായിരുന്നു. ഏകദേശം ഹൃദയത്തിന്‍റെ ആകൃതിയില്‍.





പിന്നെ കയറ്റം ദുഷ്കരം ആയി തുടങ്ങുക ആയിരുന്നു. സൌന്ദര്യം കൂടാനും. അതെ ഉയരവും സൌന്ദര്യവും നേരനുപാതത്തില്‍ ആണ് (പ്രകൃതിയുടെ കാര്യത്തില്‍ മാത്രം) . പലപ്പോഴും എന്‍റെ കാലുകള്‍ക്കൊപ്പം കൈകളും പ്രവര്‍ത്തിക്കേണ്ടി വന്നു. കയറുന്ന വഴിയുടെ ഇരു വശവും നോക്കാന്‍ ഞാന്‍ ഭയപ്പെട്ടു. ആറു മാസം കൊണ്ട് ജിമ്മില്‍ ഓടി തീര്‍ക്കേണ്ട ഫാറ്റ് ഒറ്റ ദിവസം കൊണ്ട് കളഞ്ഞോ എന്നും സംശയം. ഇടയ്ക്ക് ഞാന്‍ വീട്ടുകാരെ പറ്റി ഓര്‍ത്തു. ബന്ധുക്കളെ പിന്നെ കൂട്ടുകാരെ ഒടുവില്‍ ബൂലോകത്തെയും. ബൂലോകത്തിന്‍റെ ഭാവി സാഹിത്യവാഗ്ദാനത്തിന്‍റെ ആത്മാവ് ചെമ്പ്രയുടെ താഴ്വാരങ്ങളിലൂടെ അലയണമോ എന്നും ഒരു വേള ചിന്തിച്ചു. അപ്പോഴാണ്‌ പെണ്‍വര്‍ഗ്ഗത്തിലെ ചിലര്‍ (ചോറ് നെറുകില്‍ കയറിയവര്‍ എന്ന് എന്‍റെ ഒരു കൊച്ചു സുഹൃത്തിന്‍റെ ഭാഷ്യം) വില്ല് പോലെ ദാ ഇറങ്ങി വരുന്നു. എന്‍റെ ഭയം എന്ന് നിങ്ങള്‍ കരുതിയ വികാരം അപകര്‍ഷത്താല്‍ എവിടെയോ പോയൊളിച്ചു. ഞാന്‍ ധീരവീരശൂരപരാക്രമിയായ് വീണ്ടും തപ്പി പിടിച്ചു കയറ്റം തുടങ്ങി. ഞങ്ങള്‍ എത്ര മലകള്‍ തരണം ചെയ്തു എന്നോര്‍ക്കുന്നില്ല. അവസാനത്തെ മലയാണിത്. അതിനു മുമ്പ് എന്‍റെ ശത്രുക്കളുടെ ഒരു ലിസ്റ്റ് തന്നെ ഞാനുണ്ടാക്കി. അവരോടെല്ലാം ഇവിടെ വന്നു ഇത് കാണണമെന്ന് ഞാന്‍ വളരെ ആവേശഭരിതനായി സംസാരിക്കുന്നത് പോലെ പറഞ്ഞ് ബോധിപ്പിച്ചു. എന്നിട്ട് പി എം വിയോടു പറഞ്ഞു തട്ടിപ്പോയാല്‍ ഇവിടെ വീണാണ് തട്ടിപ്പോയതെന്നു ആരോടും പറയരുത് എന്നും. മരിക്കുവാണെങ്കില്‍ നല്ല രീതിയില്‍ ഒരു ശത്രുസംഹാരപൂജ കൂടി നടത്തിയിട്ടാവാമല്ലോ അത്?

ഒടുവില്‍ ഞങ്ങള്‍ ചെമ്പ്രയുടെ ഉച്ചിയിലെത്തി. അതെ വയനാടിന്‍റെ നെറുകില്‍. സത്യത്തില്‍ അതായിരുന്നു യാത്രയുടെ തുടക്കം എന്ന് വേണമെങ്കില്‍ പറയാം.... വെയില്‍ മങ്ങി... മേഘങ്ങള്‍ ലാസ്യ വേഷം കെട്ടി തുടങ്ങി... ഇടിയുടെ നേരിയ താളം.... അതെ മഴയുടെ ആരംഭം ആണ്.... എനിക്ക് അത് സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല. ... പക്ഷേ അതായിരുന്നു സംഭവിച്ചത്...മഴ പെയ്തു തുടങ്ങി... ഞാന്‍ പ്രകൃതിയില്‍ ഇഷ്ടപ്പെടുന്ന കുറെ പ്രതിഭാസങ്ങളുടെ സമഞ്ജസസമ്മേളനം.... മഴ ... മേഘം ... കോട മഞ്ഞ്.. ഒപ്പം പച്ചപ്പാര്‍ന്ന മലനിരകള്‍.. എന്‍റെ ഭാഷ ഇവിടെ അപൂര്‍ണമാകുന്നു. ആ ദൃശ്യ ചാരുതയുടെ ചില ദ്വിമാന രൂപങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.




മഴ കനത്താല്‍ പെട്ടെന്ന് താഴത്തെത്തിയേക്കും, അത് ചിലപ്പോള്‍ ഞങ്ങള്‍ ഉദ്ദേശിച്ച വഴിയിലൂടെ ആയില്ലെങ്കിലോ എന്ന് കരുതി ഞങ്ങള്‍ പതുക്കെ ഇറങ്ങി. എന്‍റെ ജീവിതത്തില്‍ ഇത്രയും കോള്‍മയിര്‍ കൊണ്ട സന്ദര്‍ഭങ്ങള്‍ അപൂര്‍വമാണ്. താഴെ പച്ചപ്പട്ടു പരവതാനി. അതിനുപരി കോടമഞ്ഞ്‌ വെള്ള വിരിച്ചിരിക്കുന്നു. ആകാശത്തിനു ഇരുണ്ട നീല നിറം. ഒപ്പം മഴയുടെ തന്ത്രീ നാദം. ആ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല. മഴ അത്ര കനത്തിരുന്നു.


താഴെ എത്തിയപ്പോള്‍ മഴ നന്നായി തോര്‍ന്നു. ആ സാനുക്കളിലെ ആര്‍ദ്രത എന്‍റെ മനസിലേക്കും വ്യാപിച്ചിരുന്നു. ഈ താഴ്വരകളുടെ ഭംഗി വിവരിക്കാന്‍ എന്‍റെ ഭാഷയേക്കാള്‍ എന്തു കൊണ്ടും മനോഹരം ഈ ചിത്രങ്ങള്‍ തന്നെ.



പിറ്റേ ദിവസത്തെ തിരുനെല്ലി യാത്രയോടും കൂടി എന്‍റെ വയനാട് യാത്രകള്‍ക്ക് ഞാന്‍ താല്‍ക്കാലിക വിരാമം നല്‍കുകയായിരുന്നു. ഇനിയും പോകണം. .... ഇടവപ്പാതി തകര്‍ത്തു പെയ്യുമ്പോള്‍ .... അല്ലെങ്കില്‍ ... ഒരു ശിശിരത്തിന്‍റെ പാതിയില്‍.

13 comments:

Suraj P Mohan said...

ഇനിയും പോകണം. .... ഇടവപ്പാതി തകര്‍ത്തു പെയ്യുമ്പോള്‍ .... അല്ലെങ്കില്‍ ... ഒരു ശിശിരത്തിന്‍റെ പാതിയില്‍.

Suraj P Mohan said...

ഞാന്‍ വീണ്ടും നിരാശനായി!!!

പകല്‍കിനാവന്‍ | daYdreaMer said...

അവസാനം ധൃതി ആയിപ്പോയോ.. തിരുനെല്ലി വിശേഷങ്ങളും കുറച്ചു ഫോട്ടൊസും കൂടി ആവാമായിരുന്നു.. എങ്കിലും ഇഷ്ടമായി.. നന്ദി,,,

Suraj P Mohan said...

പകല്‍ക്കിനാവന്‍, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
ധൃതി കൂടി പോയിട്ടല്ല. തിരുനെല്ലി പോയപ്പോ ക്യാമറ എടുത്തിരുന്നില്ല.
ഞാന്‍ കൂടുതല്‍ ഫോട്ടോസ് ഇട്ടപ്പോള്‍ ആദ്യം ഇട്ടതൊന്നും കാണാതായി.
ഒടുവില്‍ ഒള്ളത് വെച്ച് അങ്ങ് തട്ടി.

ഹന്‍ല്ലലത്ത് Hanllalath said...

ഗര്ര്ര്ര്ര്‍...
എന്റെ നാട്ടില്‍ വന്നിട്ട് കുഞ്ഞു ഫോട്ടോകള്‍ കാണിച്ചു പറ്റിക്കുന്നോ..?
ഫോട്ടോകള്‍ നല്ല വലിപ്പത്തില്‍ പോസ്റ്റ്‌ ചെയ്യാത്തതെന്തേ..?
എവിടെയാ കൂട്ടുകാരന്റെ വീട്...?

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു കേട്ടോ...ആശംസകള്‍..

Suraj P Mohan said...

hAnLLaLaTh , ബ്ലോഗ്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ നല്ല വലിപ്പത്തില്‍ കാണാമല്ലോ.
വീട് വൈക്കത്ത് ആണ് .

നിരക്ഷരൻ said...

ബത്തേരീലോ ?സത്യം പറയ്. അത്രേം സുന്ദരിമാരോ ? ഞാനെത്ര നാളായി വയനാട്ടില്‍ കിടന്ന് കറങ്ങുന്നു ! ഞാനിതുവരെ കണ്ടില്ലല്ലോ ?
:):)

മാഷേ....

വയനാട് തന്നെ ഒരു സുന്ദരിയാ. ഐശ്വര്യാ റായിയേക്കാളും വലിയ സുന്ദരി, ഹെലനേക്കാളും വലിയ സുന്ദരി. അതല്ലേ ഞാനവള്‍ക്ക് പുറകേ കാലാകാലങ്ങളായി വായില്‍ നോക്കി നടക്കുന്നത്.

ചെമ്പ്ര പീക്കില്‍ ഒരിക്കല്‍ കയറിയിട്ടുള്ളതുകൊണ്ട് സൂരജിനുണ്ടായ ഫീലിങ്ങ്‌സൊക്കെ അധികം വര്‍ണ്ണിക്കാതെ തന്നെ എനിക്ക് മനസ്സിലായി.

ഇനിയും പോരട്ടെ നല്ല നല്ല യാ‍ത്രാവിശേഷങ്ങള്‍.

Shajin said...

aliya nhanum chikkum shankarum vipinum onnicha vaayichathu.. vayanattil poya oru feeling.. avasanam vetti churukkandayirunnu..

Suraj P Mohan said...

നിരക്ഷരന്‍ ...
വളരെ അധികം നന്ദി... വായിച്ചതിനും ... കമന്റിയതിനും ...
എനിക്ക് വളരെ സന്തോഷമായി !!!
ഒരു നൂറു കമന്റ്‌ ഒരുമിച്ചു കിട്ടിയ പോലെ ...

പിന്നെ സുന്ദരികള്‍ .. അവര്‍ വളരെ പരിശുദ്ധ ഹൃദയം ഉള്ളവര്‍ക്കേ ദര്‍ശനം നല്കുവുള്ളായിരിക്കും
:) :)

shajin and dears, വായിച്ചതിനും കമന്റിനും നന്ദി ....
അധികം ബോറടിപ്പിക്കണ്ടല്ലോ എന്ന് കരുതിയാ പെട്ടെന്ന് നിര്‍ത്തിയത്

അനില്‍ശ്രീ... said...

ഈ വയനാട് ! എന്നെയും കൊണ്ടേ പോയേ തീരൂ എന്നു തോന്നുന്നു... കഴിഞ്ഞ അവധിക്ക് വയനാടിന് തിരിച്ചിട്ട് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചതിന്റെ വിഷമം മാറിയിട്ടില്ല. കുറച്ച് നാള്‍ മുമ്പ് ഞാന്‍ ഒരു കമന്റില്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദേ സൂരജും.. !!

നന്നായിട്ടുണ്ട്,, തുടരുക,,,,

അരുണ്‍ കരിമുട്ടം said...

വയനാടില്‍ ഞാനും പോയിട്ടുണ്ട്.പക്ഷേ അന്ന് മഴയായ കാരണം എനിക്ക് ഒന്നും ആസ്വദിക്കാന്‍ പറ്റിയില്ല.ഈ ശനിയാഴച വീണ്ടും പോകുന്നു.ആസ്വദിച്ചാല്‍ ഞാനും ഒരു പോസ്റ്റിടും

Suraj P Mohan said...

അനില്‍ ശ്രീ, വായിച്ചതിനും കമന്റ്‌ ഇട്ടതിനും നന്ദി.
അടുത്ത അവധിക്കു ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കാതെ നേരെ വയനാട്ടിലേക്ക് തന്നെ വിട്ടോ..
ഇടുക്കിയും വയനാടും ആണ് കേരളത്തിലെ എന്നെ കൊതിപ്പിക്കുന്ന സ്ഥലങ്ങള്‍

അരുണ്‍ കായംകുളം,
പോകൂ എത്രയും പെട്ടെന്ന് പോകൂ... എന്നിട്ട് പോസ്റ്റൂ

Jithin Babu said...

Nalla mood il vannathaaaa..... But, pettannu theernnu poyeeee.... ini ingane pattikkaruthu..... Aavasyathinu time edutholu...