Saturday, August 22, 2009

തിരിച്ചറിയല്‍ പരേഡ്

ബസ്‌ യാത്രയുടെ സുഖം ഞാന്‍ ഇതിനു മുമ്പ് വയനാട് യാത്രയില്‍ പറഞ്ഞതാണ്.
എം സി എ യ്ക്ക് പഠിക്കുമ്പോള്‍ മിക്കവാറും എല്ലാ ദിവസവും ഞാന്‍ അത് ആസ്വദിച്ചിരുന്നു.
അന്ന് പതിവ് പോലെ രാത്രിയിലെ പത്തു മണിക്കുള്ള തിരുവല്ല ബസ്സിലാണ് കുലശേഖരമംഗലത്ത്‌ ഞാന്‍ വന്നിറങ്ങിയത്. വീടിന്‍റെ വാതിക്കല്‍ തന്നെയാണ് പുഴ. ആരോ കുളിക്കുന്നുണ്ടായിരുന്നു.
ആരാന്നു എനിക്ക് മനസ്സിലായില്ല. അപ്പോഴേക്കും എനിക്ക് ചോദ്യം കിട്ടി കഴിഞ്ഞിരുന്നു.

"സൂരേട്ടാ വന്ന വഴിയാണോ?"
"കണ്ണനായിരുന്നോ? എനിക്ക് മനസ്സിലായില്ല കേട്ടാ. "

എനിക്ക് നാട്ടിലുള്ള കുറച്ചു സുഹൃത്തുക്കളില്‍ ഒരാളാണ് കണ്ണന്‍.

"സൂരേട്ടന്‍ ആള് വിചാരിച്ച പോലൊന്നുമല്ലല്ലോ? "
'ഓ ഈ ആള്‍ക്കാരെ കൊണ്ട് തോറ്റു.. എന്നെ പ്രശംസ കൊണ്ടങ്ങു മൂടുവാ' ഞാന്‍ മനസ്സില്‍ കരുതി.
"ഞങ്ങളൊക്കെ പഞ്ചപാവാന്നു കരുതീട്ട് ഇപ്പോ..."
"അതെന്താ കണ്ണാ അങ്ങനെ പറഞ്ഞത്? "
" ഓ ഒന്നും അറിയാത്ത പോലെ... വീട്ടിലോട്ടു ചെല്ലന്നെ? "
"നീ മനുഷേനെ ഇട്ടിങ്ങനെ ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറയെടോ?"
"സൂരേട്ടനെ parade നു വിളിച്ചിട്ടുണ്ടെന്നു കേട്ടു. എന്നാ ഈ പരിപാടി ഒക്കെ തോടങ്ങിയെ?"

'NCC എന്ന് കേട്ടാല്‍ തിരിഞ്ഞോടുന്ന എന്നെ ആരാണാവോ parade നു വിളിച്ചിരിക്കുന്നെ?'

" പരേഡോ അതെവിടാ? അതിനു ഞാന്‍ NCC യില്‍ ഒന്നും ഇല്ലല്ലോ? "
"ആ പരേഡല്ല സൂരേട്ടാ. തിരിച്ചറിയല്‍ പരേഡ്.
ഒരു 'കേസ്' പീഢിപ്പിച്ചവരുടെ ലിസ്റ്റില്‍ ചേട്ടന്‍റെ പേരും പറഞ്ഞിട്ടുണ്ടെന്ന്..
പോലീസ് സ്റ്റേഷനില്‍ നാളെ ചെല്ലണമെന്ന് കുട്ടായി ചേട്ടന്‍ പറഞ്ഞായിരുന്നു."


'എന്റെ ദൈവമേ ... അനിയന്‍ പെണ്ണിനെ പീഢിപ്പിച്ചാല്‍് അത് നാട് മുഴുവന്‍ വിളിച്ചു പറയുകയാണോ വേണ്ടത്.'
ഞാന്‍ കണ്ണനോടു മറുപടി പറയാനുള്ള മൂഡില്‍ ആയിരുന്നില്ല.
എന്റെ മുന്നില്‍ പല പല ചിത്രങ്ങള്‍ മാറി മാറി വന്നു.

വലതു കൈ കൊണ്ട് കണ്ണ് പൊത്തി നിക്കുന്ന ഞാന്‍
ടവ്വല്‍ കൊണ്ട് മുഖം മറച്ചു നില്‍ക്കുന്ന ഞാന്‍
കുലശേഖരമംഗലത്തു കൂടെ മുഖം കുനിച്ചു നടക്കുന്ന ഞാന്‍

"സൂരേട്ടന്‍ പേടിക്കേണ്ട സൂരേട്ടാ.... ആരെങ്കിലും ശത്രുക്കള്‍ ഒപ്പിച്ച പണിയാകൂന്നെ."
'നീ പോടാ ----- മോനെ. പേടിക്കേണ്ടത്രേ.... വീട്ടിലേക്കു പോണോ? അതോ ആത്മഹത്യ ചെയ്യണോ?'
വേണ്ട ഞാന്‍ പീഢിപ്പിച്ചു എന്ന് പറഞ്ഞ പെണ്ണിനെ ഒന്ന് കാണണം എന്ന് തോന്നി.
വീട്ടില്‍ ചെന്നപ്പോള്‍ മനസ്സിലായി കാര്യം സത്യം ആണ്. മേമക്ക് ഇപ്പോള്‍ വൈക്കത്താണ്‌ ചാര്‍ജ്.
(കാറ്റടിച്ചാല്‍് പറന്നു പോകുന്ന പെണ്‍കുട്ടികളെ ഒക്കെ തെരഞ്ഞു പിടിച്ചു പോലീസിലേക്ക് എടുക്കുന്ന സമയത്ത് മേമക്കും കിട്ടി ഒരവസരം.) മേമയാണ് വീട്ടില്‍് വിളിച്ചു പറഞ്ഞത്. അവിടെ പിടിച്ച ഒരു പെണ്ണ് എന്റെ പേര് പറഞ്ഞിട്ടുണ്ട് എന്ന്. നാളെ സ്റ്റേഷനില്‍ ചെല്ലണമത്രേ. എങ്ങനെയെക്കയോ അന്ന് ഞാന്‍ നേരം വെളുപ്പിച്ചു. പതിവ് പോലെ കോളേജിലേക്ക് എന്ന മട്ടില്‍ ബാഗ്‌ ഒക്കെ ആയി ഞാന്‍ ഇറങ്ങി. കുറച്ചു നടന്നതേയുള്ളൂ ദാ ശാന്ത ചേച്ചി സ്റ്റോറില്‍ പാല് കൊടുത്ത ശേഷം വരുന്നു.

"എങ്ങോട്ടാ കൊച്ചേ? ഇന്ന് താമസിച്ചു പോയല്ലോ? "
"ഓ ഒന്ന് വൈക്കം വരെ."
"ങ് ഹാ മനസ്സിലായി മനസ്സിലായി..."
എന്നിട്ട് ഒരു ചിരീം.
"തിരിച്ചറിയലിനു പോകിയേണല്ലേ? "
'ങ് ഹും ഇനി എന്തോന്ന് തിരിച്ചറിയാന്‍ ... കുലശേഖരമംഗലത്തുള്ള എല്ലാവരും എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ആര് അറിയാനാ.'
റോഡിനിരുവശവും ആളുകള്‍ വേലിക്കല്‍ നിന്ന് എന്നെ നോക്കി കുശുകുശുക്കുന്നത് പോലെയും പിന്നെ ചിരിക്കുന്നതായും എനിക്ക് തോന്നി.

സ്റ്റേഷനില്‍ ചെന്ന് ആദ്യം കണ്ട പോലീസ് വേഷത്തോട് ഞാന്‍ പറഞ്ഞു.

"ശ്രീലത മാഡത്തെ ഒന്ന് കാണണം."
"ആരാ? "
"ഞാന്‍ ഒരു പീഢനത്തെ കുറിച്ചറിയാന്‍ വന്നതാ. "
അയാള്‍ എന്നെ തുറിച്ചു നോക്കി.
"അല്ല. മാഡത്തിന്‍റെ കസിന്‍ ആണ്."
"ദാ നേരെ നടന്നിട്ട് ലെഫ്റ്റ്ലേക്ക് തിരിഞ്ഞാ മതി. "

ഞാന്‍ ഹൃദയത്തില്‍ ഒരു പെരുമ്പറയുമായി നേരെ നടന്നു ലെഫ്ടിലേക്ക് തിരിഞ്ഞു.
ഓഫീസിന്‍റെ വാതിക്കല്‍ ഒരു പെണ്‍കുട്ടി. പെണ്‍കുട്ടിയല്ല കുറച്ചു കൂടി നല്ല ഭാഷയില്‍ പറഞ്ഞാല്‍ ഒരു ചരക്ക്‌. ചരക്കിന്റെ മുഖത്തേക്ക് ഞാന്‍ നോക്കി '.... സൈറ.. വെടിസൈറ...'
എന്‍റെ ആത്മഗതം ഉറക്കെ ആയി പോയോ?
അതെ അവള്‍ കേട്ടു. സൈറയുടെ മുഖം പ്രഫുല്ലമായി.
'ഇവളാണോ ഞാന്‍ പീഢിപ്പിച്ചെന്നു പറഞ്ഞത്. ദുഷ്ടേ നീയെന്തിനാ എന്‍റെ പേര് മാത്രം പറഞ്ഞത്.
സ്കൂളില്‍ തിരിച്ചറിവില്ലാത്ത കാലത്ത് നടന്ന കാര്യങ്ങള്‍. അതിനെയാണോ ഇവള്‍ പീഢനം എന്ന് വ്യാഖ്യാനിച്ചത്. ദൈവമേ അങ്ങനെ ആണെങ്കില്‍ കുലശേഖരമംഗലം സ്കൂളില്‍ ഒരു കാലഘട്ടത്തില്‍ പഠിച്ച എല്ലാ ആണ്‍കുട്ടികളെയും പരേഡിനു വിളിക്കണ്ടേ? പിന്നെന്തേ എന്നെ മാത്രം. അല്ലെങ്കിലും പെണ്ണിന്‍റെ സമ്മതത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ പീഢനത്തിന്‍റെ വകുപ്പില്‍പെടുത്തില്ല എന്നാണു ഞാന്‍ കേട്ടിരിക്കുന്നത്. ഒരു കച്ചിത്തുരുമ്പ് കിട്ടിയ സമാധാനം. പക്ഷേ പെട്ടെന്നോര്‍ത്തു അന്നവള്‍്ക്കു പ്രായ പൂര്‍ത്തിയായിട്ടില്ല. ദൈവമേ? എനിക്കും അന്ന് പ്രായപൂര്‍ത്തി ആയിരുന്നില്ലല്ലോ? എന്തെങ്കിലും ഇളവ് കിട്ടുമോ?
എന്നാലും എന്‍റെ സൈറേ ... (വെടി) സൈറേ എന്നോടിത് വേണമായിരുന്നോ?'

അവള്‍ എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അപ്പോഴാണ്‌ ഒപ്പം നില്‍ക്കുന്ന ഒരു മെലിഞ്ഞ ഊശാം താടിക്കാരനെ ഞാന്‍ ശ്രദ്ധിക്കുന്നത്.
അല്പം വശപിശക് ആണെന്ന് തോന്നി.

"ഞാന്‍ സൂരജിനെ നോക്കി നോക്കി നിക്കിയേരുന്നു"
എന്നാലും എന്നോടിത് വേണമായിരുന്നോ?
"അതെയോ.. "
ബാക്കി പറയുന്നതിന് മുമ്പ് അകത്തു നിന്നും മേമയുടെ വിളി
"നിനക്കിവളെ അറിയുമോടാ? "
"അറീല്ലാം..."
"അറിയില്ലന്നോ? എന്നിട്ട് അവള്‍ അങ്ങനെയല്ലല്ലോ പറഞ്ഞത്? നീ അകത്തോട്ടു വന്നേ. "
"ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ കണ്ടിട്ടുണ്ട്. അല്ലാതെ വല്യ പരിചയം ഉണ്ടായിരുന്നില്ല. "
"വെറുതെ കിടന്നു ഉരുളേണ്ട. അവള്‍ എല്ലാം പറഞ്ഞു. "
'കര്‍ത്താവേ .. ഇനി ഞാന്‍ എങ്ങനെ ആള്‍ക്കാരുടെ മുഖത്ത് നോക്കും. '
എന്‍റെ മുഖത്ത് വളിച്ച ചിരി മാത്രം.
"നിങ്ങള്‍ സ്കൂളില്‍ വച്ച് വലിയ കൂട്ടുകാരായിരുന്നു എന്നും ... നീ കാരണമാ അവള്‍ SSLC ജയിച്ചതെന്നും ഒക്കെ പറഞ്ഞു. "

പകുതി ശ്വാസം നേരെ വീണു. പിന്നീട് മേമ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. അവരെ രണ്ടിനേം കടുത്തുരുത്തി ഒരു ലോഡ്ജില്‍ നിന്നും പിടി കൂടിയതാണ്. അവള്‍ക്കു ബന്ധുക്കളെ വിളിക്കാനായിട്ട്‌ ആരും ഇല്ല എന്ന് പറഞ്ഞു. ചെക്കന്‍ ഒരു വരത്തനാന്നു തോന്നുന്നു. അവര് കല്യാണം കഴിക്കാന്‍ പോകുവാന്നാ അവള്‍ പറയുന്നത്.

"പഠിച്ച കഥയൊക്കെ പറഞ്ഞപ്പോള്‍ നിന്‍റെ കാര്യം പറഞ്ഞു. അത് കൊണ്ടാ വിളിപ്പിച്ചത്. പഴയ കൂട്ടുകാരിയേ കാണാല്ലോ? ഒരു സസ്പെന്‍സ് ആയിക്കോട്ടെ എന്നു കരുതി."

അതെ സൈറയെ ഞാന്‍ നന്നായി അറിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
അവള്‍ ആരെയും പ്രേമിക്കില്ല. അവളെ ആര്‍ക്കും പീഢിപ്പിക്കേണ്ട കാര്യവും ഇല്ല.

"മേമ എന്തിനാ ഇവരെയൊക്കെ പിടിച്ചു വെറുതെ പ് രാക്ക് വാങ്ങിക്കുന്നത്. എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചു പൊക്കോട്ടെ എന്നേ. മേമക്ക് പിടിക്കാനാണെന്കില്‍് വേറെ എത്ര ജനങ്ങളെ ദ്രോഹിക്കുന്ന കേസ് ഉണ്ട്."

മേമ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തോളാം, അവള്‍ക്കു കുഴപ്പം ഒന്നും ഉണ്ടാവില്ല എന്നുറപ്പ് കിട്ടുന്നത് വരെ ഞങ്ങള്‍ സംഭാഷണം തുടര്‍ന്നു.

പുറത്തു വന്നപ്പോള്‍ അവളെ വീണ്ടും കണ്ടു.

"ഇപ്പോള്‍ എന്തെടുക്കുവാ സൈറേ നീ? "
"കടയിലാ. കടുത്തുരുത്തി. ശോഭ textiles ഇല്‍"
"സുഖാണോ? "
"ഞങ്ങളൊക്കെ പാവങ്ങള്‍.. ഇങ്ങനെ ജീവിച്ചു പോകുന്നു... സൂരജേ ... ഇത് ബാല..."
"ആ... മേമ പറഞ്ഞു."
"ഒത്തിരി നന്ദി ഉണ്ട്. മാഡത്തിനോടും.. പിന്നെ സൂരജ് ഇവിടെ വരെ വന്നല്ലോ? ഞാന്‍ കരുതി വല്യ ആളായി കാണുമെന്നാ. എന്നെയൊക്കെ ഓര്‍ക്കുവോ എന്നും? "

പൊതുവേ സജലം എന്ന് തോന്നിക്കുന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഒപ്പം ഷൌള്‍ മുടിക്ക് മുകളിലൂടെ ഇട്ടു അവള്‍ കണ്ണ് തുടച്ചു.
"സൈറ എന്തിനാ കരയുന്നെ? മേമയോടു ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട്. മേമ വേണ്ട പോലെ ഒക്കെ ചെയ്യും. എനിക്ക് കുറച്ചു തിരക്കുണ്ട്‌. ഞാന്‍ ഇറങ്ങുവാ. "

തിരക്കഭിനയിച്ചു ഞാന്‍ അവിടെ നിന്നും പെട്ടെന്ന് ഇറങ്ങിയെങ്ങിലും സൈറയുടെ ഓര്‍മ്മകള്‍ എന്നേ വിട്ടു പിരിഞ്ഞില്ല. എറണാകുളത്തേക്കുള്ള യാത്രയിലുടനീളം അവളായിരുന്നു മനസ്സില്‍.
ഞങ്ങള്‍ ഏഴില്‍ പഠിക്കുമ്പോള്‍ എട്ടിലേക്ക് അവള്‍ എത്തി... സൈറ ബഷീര്‍...
സുന്ദരിയൊന്നും ആയിരുന്നില്ല. ഇരുണ്ട നിറവും ആവശ്യത്തിലേറെ വളര്‍ച്ചയെത്തിയ ശരീരവും എല്ലാ ആണ്‍കുട്ടികളെയും അല്പം ആകര്‍ഷിക്കുന്നതായിരുന്നു. പക്ഷേ അവള്‍ ആണുങ്ങളോടടുക്കാന്‍ പ്രകടിപ്പിച്ച താല്പര്യം അവളെ സ്കൂളിലും അത്യാവശ്യം സ്കൂളിനു പുറത്തും വളരെ കുപ്രസിദ്ധയാക്കി. ആദ്യത്തെ തവണ എട്ടില്‍ തോറ്റതോടെ അവള്‍ ഞങ്ങളോടോപ്പമായി. പിന്നെയും തോല്‍പ്പിച്ചാല്‍ അത് സ്കൂളിന്‍റെ പേരിനെ ബാധിക്കും എന്ന് കരുതിയാകും പിന്നീടവളെ തോല്‍പ്പിക്കാന്‍ ആരും മെനക്കെട്ടില്ല. പത്തു വരെ ഞാന്‍ വളരെ അകന്നു നിന്ന് മാത്രമേ അവളെ കണ്ടിട്ടുള്ളൂ. പത്തില്‍ വെച്ച് പഠിക്കാന്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വിഭജിച്ച്‌ അവരെ ഓരോത്തര്‍ക്ക് നല്‍കി. എനിക്ക് കിട്ടിയവരുടെ കൊട്ടത്തില്‍ സൈറയും ഉണ്ടായിരുന്നു. പഠിക്കാന്‍ വിശാലമായ മൈതാനം ഉണ്ടായിരുന്ന സ്കൂള്‍ ആയിരുന്നു ഞങ്ങളുടേത്. രണ്ടു വശവും പാടം അതിര്‍ത്തി കെട്ടിയ സ്കൂള്‍ മൈതാനം പാടത്ത് നിന്നും കുറച്ചു ഉയരത്തിലായിരുന്നു. അതിരുകളില്‍ നിറയെ വാകമരങ്ങള്‍ ഉണ്ടായിരുന്നു. മഞ്ഞയും ചുവപ്പും വാകകള്‍.
മഞ്ഞ വാകകളുടെ ചുവടുകളിലാണ് മിക്കവാറും പരിശുദ്ധമായ പ്രണയങ്ങള്‍ തഴച്ചു വളര്‍ന്നിരുന്നത്. അതിന്‍റെ അപ്പുറം ചുവപ്പ് വാകകളും കുറുന്തോട്ടി കാടുകളും ആണ്. സൈറയെ അവിടെ ഞാന്‍ പല ആണ്‍കുട്ടികളോടൊപ്പം കണ്ടിട്ടുണ്ടായിരുന്നു. ഒരു സ്കൂള്‍ മൈതാനത്തിന്‍റെ ഉള്ളില്‍ നടക്കാവുന്ന എല്ലാ വിനോദങ്ങള്‍ക്കും ആ കുറുന്തോട്ടി കാടുകള്‍ സാക്ഷ് യം വഹിച്ചിരുന്നു.
പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത് ആ മഞ്ഞ വാകച്ചുവടുകള്‍ ആയിരുന്നു.
അവിടെ വെച്ചാണ് അവള്‍ അവളുടെ കഥ പറയുന്നതും. രണ്ടു ഇത്തമാര്‍ ... കൊറച്ചു പൊട്ടി ആയ ഉമ്മ. വാപ്പച്ചി രണ്ടാമത് കെട്ടിയ സ്ത്രീ.. അങ്ങനെ അങ്ങനെ...

അവള്‍ എന്നും സ്നേഹത്തിനും പ്രേമത്തിനും എതിരായിരുന്നു. അവള്‍ക്കറിയില്ല അതെന്നു തോന്നി. ആണും പെണ്ണും തമ്മിലുള്ള ബന്ധം ശരീരത്തിന്‍റെ സുഖത്തിനു വേണ്ടി മാത്രമാണ് എന്നാണവളുടെ കാഴ്ച്ചപ്പാട്.
അവിടെ വച്ച് ഞാന്‍ അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ആശാന്‍റെ "മാംസ നിബദ്ധമല്ല രാഗം" ഞാന്‍ അവളെ പഠിപ്പിച്ചതിനു കയ്യും കണക്കുമില്ല. അവള്‍ കേള്‍ക്കാനും ഇഷ്ടപ്പെട്ടിരുന്നു. ഒപ്പം അണ്ണന്‍ അന്ന് മലയാളം ബി. എ യ്ക്ക് പഠിയ്ക്കുന്ന സമയം ആണ്. അണ്ണന് ചണ്ഡാലഭിക്ഷുകി പഠിക്കാനുണ്ടായിരുന്നു. അതിലെ ചില വരികള്‍ എന്നെ വളരെയധികം സ്പര്‍ശിച്ചിരുന്നു. അതും ഞാന്‍ ചൊല്ലുമായിരുന്നു.
"
സ്നേഹത്തില്‍ നിന്നുദിക്കുന്നു - ലോകം
സ്നേഹത്താല്‍ വൃദ്ധി തേടുന്നു.
സ്നേഹം താന്‍ ശക്തി ജഗത്തില്‍ - സ്വയം
സ്നേഹം താന്‍ സൌന്ദര്യമാര്‍ക്കും
സ്നേഹം താന്‍ ജീവിതം ശ്രീമന്‍ - സ്നേഹ
വ്യാഹതി തന്നെ മരണം.
സ്നേഹം നരകത്തിന്‍ ദ്വീപില്‍ - സ്വര്‍ഗ്ഗ
ഗേഹം പണിയും പടുത്വം

"

പക്ഷേ ഗ്രീഷ്മത്തിന്‍റെ ഉതുംഗത്തില്‍ സൈറയുടെ അധരങ്ങളിലെ സ്നിഗ്ദ്ധതയില്‍ എന്‍റെ ആദര്‍ശങ്ങള്‍ക്കു ഞാന്‍ പരാജയം സമ്മതിക്കുമ്പോള്‍ ഞങ്ങളെ ആശ്ലേഷിക്കാന്‍ ചുവന്ന വാകപ്പുക്കളും ഉണ്ടായിരുന്നു.
അതിനു ശേഷം എന്‍റെ പ്രണയത്തിന്‍റെ ഗന്ധം ചെമ്പകത്തില്‍ നിന്നും കുടമുല്ല പൂക്കളിലേക്കും മാറി........


അവളെ ഞാന്‍ അവസാനം കണ്ടത് മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങിക്കാന്‍ വന്നപ്പോള്‍ ആയിരുന്നു. അന്ന് കൊറേ നന്ദി പറഞ്ഞു. ഞാന്‍ കാരണമാത്രേ ജയിച്ചത്. പിന്നെ കുറച്ചു നാള്‍ കത്തുകളിലൂടെ ഞങ്ങളുടെ ബന്ധം തുടര്‍ന്നിരുന്നു. പിന്നെ തിരക്ക് നിറഞ്ഞ ജീവിതം.... ഒടുവില്‍ ഇന്നും കണ്ടു.

11 comments:

Unknown said...

ഇതും കഥയോ ;-)

Siva,
Vaikom.

Ashly said...

nice writing! liked it

Suraj P Mohan said...

ശിവാ ഇങ്ങനെ കണ്ണി ചോരയില്ലാതെ സംസാരിക്കരുത്. ഒന്നുമില്ലെങ്കിലും നമ്മള്‍ ഒരു നാട്ടുകാരല്ലേ? ഞാന്‍ ഇത് ഡിലീറ്റ് ചെയ്താലോ എന്ന് പോലും ആലോചിക്കുന്നു.

ക്യാപ്റ്റന്‍, താങ്ക്സ്

താരകൻ said...

katha kollamm.. nalla ozhukkundu.aasamsakal.

Unknown said...

അതെന്തിനാ മാഷെ delete ചെയ്യുന്നേ ? അതിന്റെ ആവശ്യമുണ്ടോ? ഇത് നല്ല കഥ ! ഇനിയും എഴുതൂ ...

രഘുനാഥന്‍ said...

:)

Areekkodan | അരീക്കോടന്‍ said...

):

Suraj P Mohan said...

താരകന് വായിച്ചതിനും കമന്റ്‌ നല്‍കിയതിനും നന്ദി.
ശിവാ ഇതും കഥയോ ;-) എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതി എന്നെ കളിയാക്കി പറഞ്ഞതാന്ന്. (ഇതിനെയും കഥ എന്ന് വിളിക്കാമോ എന്നാണ് ചോദ്യം എന്ന് ഞാന്‍ കരുതി)
രഘുനാഥന്‍, അരീക്കോടന്‍ വായിച്ചതിനും... വായിച്ചു എന്നറിയിച്ചതിനും thanks!

Anonymous said...

കൊള്ളാമല്ലോ....

vineesh p v said...

സൂരജേ കൊള്ളാം നന്നായിട്ടുണ്ടു, സസ്പെന്‍സ് ത്രില്ലെര്‍ പോലെ തോന്നി....

മുരളി I Murali Mudra said...

kollam ketto..